nadhira-

കൊച്ചി: അമ്മയാകാൻ മനസൊരുക്കി കാത്തിരുന്നിട്ടും അതിനുകഴിയാത്തവരുടെ വേദനയും നീറ്റലുമാണ് ട്രാൻസ്ജെൻഡർ നാദിറ മെഹ്റിനും കൂട്ടുകാരും ഫോട്ടോഷൂട്ടിലൂടെ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നത്. ഒരു കുഞ്ഞിനെ ലാളിക്കാനുള്ള ട്രാൻസ്ജെൻഡറിന്റെ മോഹവും അതിനെതുടർന്നുണ്ടാകുന്ന അപമാനവും നൊമ്പരവും കാമറയിൽ പകർത്തിയത് അരുൺ രാജാണ്. ഒരിക്കലും നടക്കില്ലെന്ന് അറിയാമെങ്കിലും ഒരു കുഞ്ഞിനെ പ്രസവിച്ച്,​ പാലൂട്ടി വളർത്താനുള്ള,​ സ്നേഹക്കടൽ ഉള്ളിലൊളിപ്പിച്ച് നടക്കുന്ന അനേകം ട്രാൻസ്ജെൻഡർ ആളുകളുടെ കഥയാണ് തങ്ങൾ പറയാൻ ശ്രമിച്ചതെന്ന് പറയുന്നു നാദിറ.

ഇക്കഴിഞ്ഞ മാതൃദിനത്തിൽ ചെയ്യാനായി ഫോട്ടോഗ്രാഫർ അരുൺരാജ് പ്ലാൻ ചെയ്തിരുന്നത് മറ്റൊരു കഥയാണ്. എന്നാൽ,​ ലോക്ക്ഡൗൺ ആയതിനാൽ അത് നടന്നില്ല. അക്കാര്യം സുഹൃത്തായ നാദിറയോട് പങ്കുവയ്ക്കുന്നതിന് ഇടയിലാണ്,​ താനടക്കമുള്ളവർ പലപ്പോഴായി നേരിടേണ്ടിവന്നിട്ടുള്ള പരിഹാസശരങ്ങളെക്കുറിച്ച് അരുണിനോട് നാദിറ പറയുന്നത്. ഒരു പാർക്കിൽവച്ച് കണ്ട കുഞ്ഞിനെ ലാളിക്കാനായി ചെന്നപ്പോൾ ആ വീട്ടുകാർ നാദിറയോട് മോശമായി പെരുമാറുകയും കുഞ്ഞിനെ വലിച്ചുകൊണ്ടുപോവുകയും ചെയ്തിരുന്നു. ആ സംഭവത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ് ഈ വൈറൽ ഫോട്ടോഷൂട്ട് കഥ. തിരുവന്തപുരം കാരേറ്റും വാമനപുരം ക്ഷേത്രവുമായിരുന്നു പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ഫോട്ടോഷൂട്ടിന്റെ ലൊക്കേഷനുകൾ. രമേഷ് കുമാർ,​ ഷൈന,​ വാസുകി വിഷ്ണു എന്നിവരാണ് വൈറൽ ഫോട്ടോഷൂട്ടിൽ നാദിറയ്ക്കൊപ്പം എത്തിയത്.

kk

യൂണിവേഴ്സിറ്റി കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ രണ്ടാംവർഷ പിജി വിദ്യാർത്ഥിയാണ് നാദിറ. തോന്നയ്ക്കൽ എ.ജെ. കോളേജിൽ പത്രപ്രവർത്തനത്തിൽ ബിരുദമെടുത്ത നാദിറ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എ.ഐ.എസ്.എഫ് പാനലിൽ ജനറൽ സെക്രട്ടറിയായി മത്സരിച്ച് ചരിത്രമെഴുതിയിരുന്നു.