photo-one
ഫോട്ടോ

തൃപ്പൂണിത്തുറ: ലക്ഷദ്വീപ് വിവാദങ്ങളിൽ നിറയുമ്പോഴും ഏതാനും നാളത്തെ ദ്വീപുവാസം അദ്ധ്യാപകനായ ഹരി വിശ്വനാഥിന് നൽകിയത് നല്ല ഓർമ്മകൾ മാത്രം.

പത്തനംതിട്ട കോഴഞ്ചേരി തിരുവോണം വീട്ടിൽ ഹരി വിശ്വനാഥിന് അവിചാരിതമായാണ് കഴിഞ്ഞ ഏപ്രിൽ 6 ന് ലക്ഷദ്വീപിൽ പ്ലസ് ടു പരീക്ഷാ ഡ്യൂട്ടി ലഭിച്ചത്. ഇടുക്കി കഞ്ഞിക്കുഴി എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ സീനിയർ കമ്പ്യൂട്ടർ അദ്ധ്യാപകനാണ് ഹരി.

ചുമതല നിർവഹിച്ച് ഏപ്രിൽ 20ന് തിരികെ കപ്പൽ കയറുമ്പോൾ ഹരി മാഷിന്റെ മനസിൽ നിറയെ ഓർമ്മച്ചിത്രങ്ങളായിരുന്നു. വാഹനസൗകര്യം കുറവായതിനാൽ ദിവസവും ആംബുലൻസിൽ ചോദ്യപേപ്പർ എടുക്കാൻ പോയിരുന്നത്, സ്കൂളിൽ ലോക്കർ സൗകര്യമില്ലാത്തതിനാൽ പൊലീസ് ലോക്കപ്പിൽ ചോദ്യപേപ്പർ സൂക്ഷിച്ചത്, മീൻപിടിക്കാൻ കടലിൽ പോയി വന്നയുടൻ ലുങ്കി പോലും മാറാതെ പരീക്ഷയെഴുതാനെത്തുന്ന വിദ്യാർത്ഥി... അങ്ങനെ നിരവധി ഓർമ്മകൾ.

പത്താം ക്ളാസ്, പ്ലസ് ടു പൊതു പരീക്ഷകളുടെ ചോദ്യപേപ്പർ ലോക്കറിൽ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. ലക്ഷദ്വീപിലെ സ്കൂളുകളിൽ ആ സംവിധാനമില്ലാത്തതിനാലാണ് പൊലീസ് ലോക്കപ്പ് മുറിയിൽ സൂക്ഷിക്കേണ്ടി വന്നത്. ചോദ്യപേപ്പർ എടുക്കാൻ വേണ്ടി ലോക്കപ്പ് മുറി തുറക്കാൻ ഒരിക്കൽ അര മണിക്കൂർ ചെലവിടേണ്ടി വന്നതായി ഹരി പറയുന്നു. കാരണം ലോക്കപ്പിന്റെ ഇരുമ്പ് വാതിലും പൂട്ടും അധികം ഉപയോഗിക്കാത്തതിനാൽ തുരുമ്പിച്ചിരുന്നു. ലോക്കപ്പിലിടാൻ പ്രതികളെ കിട്ടാറില്ലെന്ന് ഇതിൽ നിന്ന് വ്യക്തം. ക്രിമിനലുകളില്ലാത്ത സ്ഥലമായാണ് ലക്ഷദ്വീപ് അറിയപ്പെടുന്നത്.

കുട്ടികൾ അദ്ധ്യാപകരെ ഏറെ ബഹുമാനിക്കുന്നു. കേരളത്തിൽ നിന്ന് പരീക്ഷാ ചുമതല നിറവേറ്റാൻ ദ്വീപിൽ എത്തുന്നവരെ അവിടത്തുകാർ വിളിക്കുന്നത് എക്സാമിനർ എന്നാണ്. സൈക്കിളിൽ യാത്ര ചെയ്യുന്ന കുട്ടികൾ അദ്ധ്യാപകരെ കണ്ടാൽ താഴെയിറങ്ങി ഭവ്യതയോടെ മാറി നിൽക്കും. പരീക്ഷയെക്കുറിച്ച് ആശങ്കയോ ഭയമോ അവർക്കില്ല.

നാഷണൽ ടീച്ചേഴ്സ് യൂണിയൻ ഇടുക്കി ജില്ലാ പ്രസിഡന്റുമാണ് ഹരി വിശ്വനാഥ്.