കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ലീഡർ ടോക്‌സ് പരിപാടിയുടെ ഭാഗമായി വിതരണശൃംഖലകളുടെ ഡിജിറ്റൽ സാദ്ധ്യതകളെപ്പറ്റി അക്‌സംചർ സിംഗപ്പൂരിന്റെ ഗ്‌ളോബൽ ഓപ്പറേഷൻസ് ഡയറക്ടർ ഇന്ദ്രാനീൽസെൻ പ്രഭാഷണം നടത്തി. സാങ്കേതികരംഗത്തുണ്ടാകുന്ന മാറ്റങ്ങൾ വിതരണംശൃംഖലയിലും മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് ഇന്ദ്രാനീൽ പറഞ്ഞു. ബിസിനസ് രീതികൾ മാറുകയും ഡിജിറ്റലാകുകയും ചെയ്തിട്ടുണ്ട്. പരമ്പരാഗതരീതികൾക്ക് പുറമെ പുതിയരീതിയിൽ പ്രവർത്തിക്കുന്നവർക്കാണ് മുന്നേറ്റം ലഭിക്കുക. പുതിയ രീതികൾ ഉൾക്കൊള്ളുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ടത് വിജയത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.എ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോമോൻ കെ. ജോർജ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്.ആർ. നായർ, ജോയിന്റ് സെക്രട്ടറി അൽജിയേഴ്‌സ് ഖാലിദ് എന്നിവർ പ്രസംഗിച്ചു.