കോലഞ്ചേരി: ഈ വർഷവും സ്കൂളുകൾ തുറക്കുന്ന മട്ടില്ല. കട്ടപ്പുറത്തായ സ്കൂൾ ബസുകളുടെ കാര്യം ഇതോടെ കട്ടപ്പുക. ഒരു വർഷമായി ബസുകൾ ഓടാതെ ഷെഡിൽ തന്നെയാണ്.സ്‌കൂളുകൾ തുറക്കൽ വൈകുന്നതോടെ സ്‌കൂൾ ബസുകളുടേയും ജീവനക്കാരുടേയും കാര്യം വീണ്ടും പ്രതിസന്ധിയിലായി.
കൊവിഡ് ഭീതിയൊഴിഞ്ഞ് സ്‌കൂളുകൾ തുറന്നാലും സ്‌കൂൾ ബസുകൾ എങ്ങനെ നിരത്തിലിറക്കുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം.
ചുരുക്കം ചില സർക്കാർ സ്‌കൂളുകളിലാണ് സ്‌കൂൾ ബസ് സൗകര്യം ഉള്ളത്. ഇത് എം.എൽ.എ ഫണ്ടിൽ നിന്നോ വിവിധ വ്യക്തികളോ, കമ്പനികളോ, സാംസ്കാരിക സംഘടനകളോ നൽകിയ ബസുകളായിരിക്കും.ബസിന്റെ അറ്റകുറ്റപ്പണികളും ജീവനക്കാരുടെ വേതനവുമെല്ലാം സ്‌കൂൾ പി.ടി.എയാണ് വഹിക്കുന്നത്.
പരിമിതമായ ഫണ്ട് മാത്രമുള്ള പ്രൈമറി സ്‌കൂളുകളിൽ എങ്ങനെ ഈ തുക കണ്ടെത്തുമെന്നാണ് ഭാരവാഹികളുടെ ആശങ്ക. സന്നദ്ധപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവരുമായി സഹകരിച്ചാണ് ബസിന്റെ പ്രവർത്തനത്തിനുള്ള തുക പി.ടി.എ കണ്ടെത്താറുള്ളത്. ഇത്തവണ അതും സാധിക്കില്ല. സ്കൂൾ തുറന്നാൽ പോലും നിലവിലുള്ള ബസുകൾ ഉപയോഗിക്കാൻ പറ്റുമോ എന്നുള്ളകാര്യവും സംശയത്തിലാണ്.
നിരത്തിലിറക്കണമെങ്കിൽ അതിക ചെലവ്
ഒരു വർഷത്തോളം ഓടാതെ കിടന്നതോടെയാണ് ബസുകളിൽ ചിലത് തകരാറിലാണ്. ഇനി ഭീമമായ തുക ചെലവഴിച്ചാൽ മാത്രമേ ബസുകൾ നിരത്തിലിറക്കാൻ സാധിക്കൂ. എയ്ഡഡ് സ്കൂളുകൾ മുതൽ സർക്കാർ സ്‌കൂളുകൾ വരെ സമാനപ്രതിസന്ധിയാണ് നേരിടുന്നത്. വാഹനങ്ങളുടെ ബാറ്ററിയും ടയറുകളും മാറ്റിയശേഷമേ ബസുകൾ ഇറക്കാനാവൂ. അനങ്ങാതെ കിടക്കുന്ന ബസുകൾ അനക്കിയെടുക്കാൻ പതിനായിരങ്ങൾ മുടക്കണം. കൂടാതെ ടാക്‌സ്, ഇൻഷ്വറൻസ് എന്നിവ അടയ്ക്കുന്നതിന് ഭാരിച്ച ചെലവുകളും വരും.