കൊച്ചി: കൊവിഡ് ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് ജോലിചെയ്യുന്നവർക്ക് ബി.എസ്.എൻ.എലിന്റെ ഇരുട്ടടി. ഇന്റർനെറ്റ് സർവീസ് ലഭിക്കാൻ പ്രീപെയ്ഡ് സംവിധാനം ചാർജ് ചെയ്ത ഉപഭോക്താവിന് സേവനം ലഭിക്കാത്തതിനെ തുടർന്ന് കസ്റ്റമർ കെയറിൽ വിളിച്ചിട്ടും പരിഹാരം ലഭ്യമാകുന്നില്ലെന്ന് പരാതി.
പ്രീ പെയ്ഡ് മൊബൈൽ നെറ്റ് വർക്കിൽ 485 രൂപ റീ ചാർജ് ചെയ്ത കസ്റ്റമർ (9447287556) അർഹമായ ഇന്റർനെറ്റ് ലഭിക്കുന്നില്ലെന്ന് കാണിച്ച് എട്ടു തവണ കസ്റ്റമർ കെയറിൽ വിളിച്ചെങ്കിലും പരിഹാരമായില്ല. മേയ് 2 നാണ് ഓൺലൈൻ വഴി റീ ചാർജ് ചെയ്തത്. 90 ദിവസം 1.5 ജി.ബി വീതം ഇന്റർനെറ്റ് ഡാറ്റയാണ് ബി.എസ്.എൻ.എൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ദിവസങ്ങൾ കാത്തിരുന്നിട്ടും പാക്കേജിൽ പറയുന്ന ഇന്റർനെറ്റ് സേവനം ലഭ്യമായില്ല. തുടർന്ന് കസ്റ്റമർ കെയർ നമ്പരിൽ വിളിച്ച് പരാതിപ്പെട്ടു. മേയ് 18 നും 30 നും ഇടയിൽ എട്ടു തവണ വിളിച്ചപ്പോഴും നീണ്ടകാത്തിരിപ്പിന് ശേഷമാണ് കസ്റ്റമർകെയർ അസിസ്റ്റന്റിനോട് സംസാരിക്കാൻ സാധിച്ചത്. പരാതി കേട്ടശേഷം 'താങ്കളുടെ പരാതി പരിഹരിച്ചിട്ടുണ്ടെന്നും, വിളിച്ചതിന് നന്ദി' എന്നും പറഞ്ഞ് തടിതപ്പുകമാത്രമാണ് ചെയ്യുന്നത്. ഇതുമൂലം ഇന്നലെ വരെ 42 ജി.ബിയുടെ നഷ്ടമാണ് ഉപഭോക്താവിന് ഉണ്ടായത്. ബി.എസ്.എൻ.എലിന്റെ കെടുകാര്യസ്ഥതയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കാനാണ് ഉപഭോക്താവിന്റെ തീരുമാനം.