കൊച്ചി: സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി കേരളാ ബ്ലാസ്റ്റേഴ് എഫ്.സി കൊവിഡ് മുന്നണിപ്പോരാളികൾക്കായി 10,000 എൻ 95 മാസ്കുകൾ ക്ലബ് കൈമാറി. കളക്ടർ എസ്. സുഹാസ്, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ അഷ്‌റഫ്, പി.ആർ. റനീഷ്, വി.എ ശ്രീജിത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. നേരത്തെ 25,000ത്തോളം മുൻനിര പ്രവർത്തകർക്കായി രണ്ടുലക്ഷം ഹൈഡ്രോക്ലോറോക്വിൻ സൾഫേറ്റ് ഗുളികകളും ക്ലബ് വിതരണം ചെയ്തിരുന്നു. സാദ്ധ്യമായ എല്ലാ വഴികളിലൂടെയും ജനങ്ങളിലേക്ക് എത്തിച്ചേരാൻ ക്ലബ് പരമാവധി ശ്രമിക്കുന്നുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.