കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ അസി. ലെപ്രസി ഓഫീസറുടെ മുറിക്ക് പുറത്തെ മൊബൈൽ നമ്പർ ഉള്ള നെയിംബോർഡ് നാളെ മുതൽ അവിടെ കാണില്ല. കാരണം ഈ ഓഫീസർ സുധേഷ് എം.രഘു ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുകയാണ്. നെയിംബോർഡിൽ തന്റെ മൊബൈൽ നമ്പർ വയ്ക്കുന്നതിലൂടെ സമൂഹത്തിനും സഹപ്രവർത്തകർക്കുമൊക്കെ ഒരു വലിയ സന്ദേശമാണ് അദ്ദേഹം നൽകിയിരുന്നത്. തന്നെ ആവശ്യുള്ളവർക്ക് ഏത് സമയത്തും ബന്ധപ്പെടാമെന്ന വലിയ സന്ദേശം.
സുധേഷ് ഇനി തങ്ങളെ പരിചരിക്കാനുണ്ടാകില്ലെന്നറിഞ്ഞ ബീഹാർ സ്വദേശിയായ ഒരു രോഗി കൈകൂപ്പി കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകൾ ഈ ഓഫീസറെ പൊതു സമൂഹത്തിൽ അടയാളപ്പെടുത്തുന്നതാണ്.
രണ്ട് ദശാബ്ദകാലം സമൂഹം അറപ്പോടെ കാണുന്ന കുഷ്ഠരോഗികളോടൊപ്പമായിരുന്നു സുധേഷ്. ഇന്നും പലരും അവരെ പേടിയോടെ കാണുമ്പോൾ അവരെ പരിചരിച്ച് ഹൃദയം കീഴടക്കിയ നിരവധി അനുഭവങ്ങൾ സുധേഷിനുണ്ട്.
ഔദ്യോഗിക ജീവിതത്തിലെ തിരക്കുകളോടൊപ്പം ദളിത്-പിന്നാക്ക ജീവിതങ്ങളിൽ നടത്തിയ നിരന്തരമായ ഇടപെടലുകൾ ഈ സമൂഹ്യ പ്രതിബദ്ധതയുള്ള പൊതുജന സേവകനെ വേറിട്ടതാക്കുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും സംവരണ പ്രശ്നങ്ങളിൽ സുധേഷിന്റെ പോരാട്ടം അവഗണിക്കാനാകാത്തതായിരുന്നു. 'പി.എസ്.സി നിയമനത്തിലെ മെറിറ്റ് അട്ടിമറി' എന്ന സുധേഷിന്റെ പുസ്തകം ഉദാഹരണം. വിരമിക്കലിന് ശേഷം കുറെ പുസ്തകങ്ങളുടെ പണിപ്പുരയിലേക്കിറങ്ങുകയാണ് സുധേഷ്.
രോഗികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് ഈ സർക്കാർ ജീവനക്കാരനെ എപ്പോഴും ലഭ്യമാണ് എന്നറിയിക്കാനാണ് മൊബൈൽ നമ്പർ എഴുതിവച്ചത്. എന്നെ നേരിട്ട് കാണാനെത്തുന്ന പലരുടെയും ബുദ്ധിമുട്ട് ഒഴിവാക്കാനും ഇത് സഹായിക്കും. അയ്യങ്കാളി മുതൽ അംബേദ്ക്കർ വരെയുള്ളവരെ കീഴാള ജ്ഞാനികളായി കാണുന്ന ഞാൻ പിന്നാക്ക ആഭിമുഖ്യമുള്ള രാഷ്ട്രീയം ഇഷ്ടപ്പെടുന്നയാളാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിലല്ല, മറിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഈ പിന്നാക്ക ആഭിമുഖ്യമുള്ള രാഷ്ട്രീയം ഉണ്ടാകണം. കാരണം ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗം പിന്നാക്കക്കാരാണ്.
സുധേഷ് എം.രഘു