ആലുവ: സർക്കാരിന്റെ പരിശോധനയിൽ കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടും സ്വകാര്യ ലാബിൽ നിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമ്പാദിച്ച് കറങ്ങിനടന്ന സംഭവത്തിൽ വരാപ്പുഴയിൽ 11 പേർക്കെതിരെയും കുന്നത്തുനാട്ടിൽ രണ്ട് പേർക്കെതിരെയും പൊലീസ് കേസെടുത്തു.
കോതാട് സ്വദേശികളായ ആന്റണി സന്തോഷ്, രാജു ഒളാപ്പറമ്പിൽ, നൈഷൻ ജോസഫ് താന്നിപ്പിള്ളി, സെൽജൻ സാമുവൽ, റീജ ക്രിസ്റ്റി, ജോസഫ് ക്രിസ്റ്റി ഒന്നംപുരക്കൽ, മിനി സാജു കൊടുവേലിപ്പറമ്പ്, ജിജി ചീവേലി, ഡേവിഡ് ജോസഫ് പനക്കൽ, എയ്ബൻ സിമേന്തി തത്തംപിള്ളി, ഗ്രേസി ജോസഫ് തത്തംകേരി എന്നിവർക്കെതിരെയാണ് വരാപ്പുഴ പൊലീസ് കേസെടുത്തത്. പിഴല പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഇവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും കേരള പൊലീസ് ആക്ടിലേയും വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തതെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു.
ക്വാറന്റൈൻ ലംഘനത്തിന് കുന്നത്തുനാട് സ്റ്റേഷനിൽ നെല്ലാട് സ്വദേശി രഘുനാഥൻ, ഐരാപുരം സ്വദേശി രാമചന്ദ്രൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പോസറ്റീവായാവശേഷം ഇവർ പെരുമ്പാവൂരിലെ ഒരു സ്വകാര്യ ലാബിൽ നിന്ന് നെഗറ്റീവ് സംഘടിപ്പിച്ച് സർട്ടിഫിക്കറ്റുമായി കറങ്ങി നടക്കുകയായിരുന്നു. മഴുവന്നൂർ പി.എച്ച്.സിയിലെ ഡോക്ടറുടെ പരാതിയെ തുടർന്നാണ് കേസ്.
സർട്ടിഫിക്കറ്റിൽ തിരിമറി നടത്തുന്ന ലാബുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ്.പി കാർത്തിക്ക് പറഞ്ഞു. ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ 252 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 67 പേരെ അറസ്റ്റ് ചെയ്തു. 525 വാഹനങ്ങൾ കണ്ടു കെട്ടി. സാമൂഹ്യ അകലം പാലിക്കാത്തതിന് 1287 പേർക്കെതിരെയും മാസ്‌ക്ക് ധരിക്കാത്തതിന് 915 പേർക്കെതിരെയും നടപടിയെടുത്തു.