ആലുവ: കെട്ടിട നിർമ്മാണ സാമഗ്രികൾക്ക് ലോക്ക് ഡൗൺ കാലത്തും വില വർദ്ധിക്കുന്നത് സാധാരണക്കാരൻെറ സ്വന്തമായി കൊച്ചുകൂരയെന്ന സ്വപ്നം തകർക്കുന്നു. ഒരു ചാക്ക് സിമന്റ് നാല് മാസംകൊണ്ട് 360രൂപയിൽ നിന്ന് 500 ആയും ഒരുകിലോ കമ്പി 56ൽ നിന്നും 102 രൂപയുമായി ഉയർന്നതാണ് കെട്ടിടനിർമ്മാണ മേഖലയ്ക്ക് ഇരുട്ടടിയായിരിക്കുന്നത്.
കൂടാതെ ഇലക്ട്രിക്കൽ, പ്ലബിംഗ്, സാനിറ്ററി, പെയിന്റ്, ടൈൽസ് തുടങ്ങി എല്ലാ സാമഗ്രികളുടെയും വില വർദ്ധിക്കുന്നുണ്ട്. കൊവിഡ് ഒന്നാംതരംഗവും ലോക്ക് ഡൗണുകളും കഴിഞ്ഞ് നിശ്ചലാവസ്ഥയിലായ നിർമ്മാണമേഖല ഈ വർഷമാദ്യമാണ് തിരിച്ചുവരവിൻെറ പാതയിലെത്തിയത്. ഇപ്പോൾ രണ്ടാം ലോക്ക് ഡൗണിലേക്ക് സംസ്ഥാനം കടന്നപ്പോൾ ഇവയുടെയെല്ലാം വിലയും വർദ്ധിക്കുന്ന അസാധാരണ രീതിയാണ് കാണുന്നത്.
സർക്കാരിന് 26 ശതമാനം ജി.എസ്.ടി ഇനത്തിൽ കിട്ടുന്നതിനാൽ വില നിയന്ത്രണ അതോറിറ്റി വേണമെന്ന ആവശ്യത്തിന് ചെവികൊടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കേരളത്തിന് പുറത്ത് 100 രൂപയോളം വിലവ്യത്യാസമുള്ളതായും ഡീലർമാർ പറയുന്നു. ചാക്കിന് 40 മുതൽ 50 രൂപവരെ വർദ്ധിപ്പിക്കാൻ സിമന്റ് കമ്പനികൾ വീണ്ടും നിർദ്ദേശിച്ചതായി വിതരണക്കാരും പറയുന്നു.