photo
മിശ്രഭോജനത്തിന്റെ 104 -ാം വാർഷികം ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ഇന്നും അറുതിയാകാത്ത ജാതീയതയുടെ ഇരുട്ടിൽ നേർദിശ കാട്ടുന്ന സാമൂഹ്യ വിപ്ലവപ്രകാശമായിരുന്നു സഹോദരൻ അയ്യപ്പൻ നേതൃത്വം നൽകിയ മിശ്രഭോജനമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. ജാതി പാടേ കുടഞ്ഞെറിയാൻ ആധുനികതയുടെ ഇക്കാലത്തുപോലും കഴിഞ്ഞിട്ടില്ലെന്നിരിക്കെയാണ് നൂറ്റാണ്ടിനുമുമ്പ് സഹോദരൻ നയിച്ച മഹാവിപ്ലവത്തിന്റെ അതിസാഹസികമൂല്യം പ്രശോഭിതമാകുന്നത്. ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ സ്മാരകസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മിശ്രഭോജനത്തിന്റെ 104-ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹോദരൻ അയ്യപ്പൻ ഉയർത്തിപ്പിടിച്ച നവോത്ഥാന മൂല്യങ്ങൾ കാലം ചെല്ലുന്തോറും കൂടുതൽ പ്രസക്തമാവുകയാണ്. സ്മാരകം വികസിപ്പിക്കാനും മിശ്രഭോജനം നടന്ന തുണ്ടിടപ്പറമ്പ് സ്മാരകമായി സംരക്ഷിക്കാനും സർക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. സ്മാരകസമിതി ചെയർമാൻ പ്രൊഫ. എം.കെ. സാനു അദ്ധ്യക്ഷത വഹിച്ചു. നിലപാടുകളിലും മുദ്രാവാക്യങ്ങളിലും പ്രയോഗങ്ങളിലുംകൂടി പ്രകമ്പനവും പരിവർത്തനവും സാദ്ധ്യമാക്കിയ മഹദ് വ്യക്തിത്വമാണ് സഹോദരൻ അയ്യപ്പനെന്ന് പ്രൊഫ. സാനു പറഞ്ഞു.

വൈസ് ചെയർമാൻ സിപ്പി പള്ളിപ്പുറം, സെക്രട്ടറി ഒ. കെ. കൃഷ്ണകുമാർ, അംഗങ്ങളായ പൂയപ്പിള്ളി തങ്കപ്പൻ, ഡോ. കെ.കെ. ജോഷി, സാജു ധർമപാലൻ, ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി അഡ്വ. സുനിൽ ഹരീന്ദ്രൻ എന്നിവർ പങ്കെടുത്തു.