വൈപ്പിൻ: വളപ്പ് കടപ്പുറം എ.എസ്. ജംഗ്ഷൻ മുതൽ ചെറായി രക്തേശ്വരിബീച്ച് വരെയുള്ള 16 കിലോമീറ്റർ തീരദേശറോഡിന്റെ നിർമ്മാണം രണ്ടാഴ്ചയ്ക്കകം ആരംഭിക്കുമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. പറഞ്ഞു. പത്തുകോടിരൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് റോഡ് നിർമ്മിക്കുന്നത്. ആർ.എം.പി തോടിന്റെ കൈവഴിയായ വളപ്പിലെ തോടിന്റെ ആഴം വർദ്ധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കും. സംരക്ഷണഭിത്തി നിർമ്മിക്കും. ഇവിടെയും വളപ്പ് ബീച്ചിലും എം.എൽ.എ. സന്ദർശനം നടത്തി. വെള്ളക്കയറ്റത്തെതുടർന്ന് വളപ്പ് ബീച്ച് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയിരുന്നു. ഇതിന് പരിഹാരമുണ്ടാക്കുന്നതിന് പോർട്ട് ട്രസ്റ്റുമായി ബന്ധപ്പെടും. എ.കെ. ശശി, കെ.എസ്. രാധാകൃഷ്ണൻ, വി.കെ. ലാലൻ, വിമൽമിത്ര, അഡ്വ. സുനിൽ ഹരീന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.