ksu
കെ.എസ്.യു. സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കൊച്ചിൻ യൂണിവേഴ്‌സിറ്റി കാമ്പസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ആലുവ പതാക ഉയർത്തിയശേഷം സന്ദേശം നൽകുന്നു

കൊച്ചി: അശരണരെ അന്നം ഊട്ടിയും ദുരിതബാധിതരെ സഹായിച്ചും കെ.എസ്‌.യുവിന്റെ അറുപത്തിനാലാം ജന്മദിനവാർഷികം ജില്ലയിൽ കൊണ്ടാടി.

14 നിയോജക മണ്ഡലത്തിലും സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തി. ജില്ലയിൽ ആകമാനം രണ്ടായിരത്തോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ മാധവപുരം കോളനിയിലെ വീടുകളും പരിസരവും അണുവിമുക്തമാക്കുകയും മാധവപുരത്ത് ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചുനൽകുകയും ചെയ്തു. കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന ചെല്ലാനം മേഖലയിലേക്ക് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണസാധനങ്ങൾ എത്തിച്ചു. നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കെഎസ്‌യു വിന്റെ ചരിത്ര പഠന ക്ലാസുകളും ഓൺലൈനായി സംഘടിപ്പിച്ചെന്ന് കെ.എസ്. യു. ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

ജില്ലാതല പതാക ഉയർത്തലും സ്ഥാപകദിന സന്ദേശവും കൊച്ചിൻ യൂണിവേഴ്‌സിറ്റി കാമ്പസിൽ കെ.എസ്‌.യു. സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ആലുവ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാതല ഭക്ഷണപ്പൊതി വിതരണം നെട്ടൂരിൽ കെ. ബാബു എം.എൽ. എ. ഉദ്ഘാടനം ചെയ്തു.