പള്ളുരുത്തി: കടൽക്ഷോഭത്തിൽ മൊബൈൽ ഫോൺ നഷ്ടമായ വിദ്യാർത്ഥിക്ക് വിദ്യാഭ്യാസമന്ത്രിയുടെ നിർദ്ദേശ പ്രകാരം കൊച്ചി എം.എൽ.എ കെ.ജെ. മാക്സി പുതിയ ഫോൺ വീട്ടിലെത്തിച്ചു നൽകി.
ചെല്ലാനം അറക്കൽ വീട്ടിൽ ജോസഫിന്റെ മകനും തേവര ഫിഷറീസ് സ്ക്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയുമായ ജോസഫ് ഡോൺ ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ളാസിൽ എങ്ങനെ പങ്കെടുക്കുമെന്നോർത്ത് വിഷമിച്ചിരിക്കുമ്പോഴാണ് ടി.വിയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോട് നേരിട്ട് സംസാരിക്കാം എന്ന പരിപാടി ശ്രദ്ധയിൽപ്പെട്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല, മന്ത്രിയെ വിളിച്ച് സങ്കടം പറഞ്ഞു. പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് മന്ത്രി പറഞ്ഞപ്പോൾ ഡോൺ വിചാരിച്ചില്ല ഇത്ര പെട്ടെന്ന് ഫോൺ ലഭിക്കുമെന്ന്. മന്ത്രിയുടെ നിർദേശപ്രകാരം കെ.ജെ. മാക്സി ഇന്നലെ പുതിയ ഫോണുമായി ചെല്ലാനത്തെ വീട്ടിൽ എത്തിയപ്പോൾ ഡോണിന്റെ കണ്ണുകൾ ഈറനണിഞ്ഞു. വീട്ടുകാരും സന്തോഷത്തിലായി. ഒന്നാം തീയതി ആരംഭിക്കുന്ന ഓൺലൈൻ ക്ളാസിനെക്കുറിച്ചോർത്ത് ഡോണിന് ഇനി വിഷമിക്കേണ്ടതില്ല. എം.എൽ.എയോടൊപ്പം പി.എ.പീറ്റർ, പി.ആർ.ഷാജികുമാർ, എസ്‌പമ്മ സെബാസ്റ്റ്യൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ചെല്ലാനത്ത് കടൽക്ഷോഭത്തെ തുടർന്ന് നിരവധി വിദ്യാർത്ഥികൾക്ക് മൊബൈൽഫോണും കമ്പ്യൂട്ടറുകളും നഷ്ടമായിട്ടുണ്ട്. ചിലർക്ക് സന്നദ്ധ സംഘടനകൾ ഫോൺ നൽകിയെങ്കിലും ഇനിയും നിരവധി കുട്ടികളുടെ ഓൺലൈൻ പoനം പെരുവഴിയിലാണ്.