phc1
വളന്തക്കാട് ആരോഗ്യ ഉപകേന്ദ്രം

കൊച്ചി: മരട് മുനിസിപ്പാലിറ്റിയിലെ വളന്തകാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ 42 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ഉപകേന്ദ്രം ഒരുവർഷം കഴിഞ്ഞും പ്രവർത്തനം ആരംഭിക്കാത്തതിനാൽ പ്രദേശവാസികൾ ദുരിതത്തിൽ. യഥാസമയം ചികിത്സ ലഭിക്കാത്തതുമൂലം രോഗികൾ മരണമടഞ്ഞിട്ടും ഉപകേന്ദ്രം പ്രവർത്തിപ്പിക്കാൻ കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ആരോഗ്യവകുപ്പ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഒടുവിൽ കോടതിയെ അഭയം പ്രാപിച്ചിരിക്കുകയാണ് നാട്ടുകാർ.

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ മരട് മുനിസിപ്പാലിറ്റിയിൽ രണ്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. നെട്ടൂരിലും വളന്തക്കാടിലുമാണിവ. തുരുത്തുകൾ നിറഞ്ഞതും സാധാരണക്കാർ താമസിക്കുന്നതുമായ പ്രദേശമാണ് വളന്തക്കാട്. അയ്യായിരത്തോളം കുടുംബങ്ങളാണ് വളന്തക്കാട് കേന്ദ്രത്തിന്റെ പരിധിയിൽ താമസിക്കുന്നത്.

തുരുത്തുകളിൽ കഴിയുന്നവർക്ക് സഹായകരമായാണ് നഗരസഭയുടെ ഡിവിഷൻ 20ൽ ഉപകേന്ദ്രം നിർമിച്ചത്. കാലപ്പഴക്കം സംഭവിച്ച കെട്ടിടം എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 42 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരിച്ചത്. നവീകരണത്തിന് മുമ്പ് പി.എച്ച്.സിയിലെ ഡോക്ടർ ആഴ്ചയിൽ രണ്ടുദിവസം ഉപകേന്ദ്രത്തിൽ രോഗികളെ പരിശോധിച്ചിരുന്നു. പിന്നീട് മുഴുവൻ ദിവസങ്ങളിലും ഡോക്ടറുടെ സേവനം ലഭിച്ചിരുന്നു.

 ഉദ്ഘാടനം കഴിഞ്ഞിട്ട് വാർഷികമാകുന്നു

2020 ജൂൺ 26ന് കെട്ടിടം അന്നത്തെ എം.എൽ.എയായിരുന്ന എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. എന്നാൽ ഇതുവരെ കേന്ദ്രം പ്രവർത്തനം പുനരാരംഭിച്ചില്ല. ഉദ്ഘാടനസമയത്ത് പി.എച്ച്.സിയുടെ ചുമതല വഹിച്ചിരുന്ന ഡോക്ടറുടെ പേര് ഉദ്ഘാടനഫലകത്തിൽ ആദ്യം ചേർത്തിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രവർത്തനം വൈകിപ്പിച്ചെന്നാണ് നാട്ടുകാരുടെ പരാതി.

മുൻ സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയെങ്കിലും പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിച്ചില്ല. തുടർന്ന് മോസ്‌ക് റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച കോടതി ജൂൺ മൂന്നിന് സർക്കാർ വിശദീകരണം നൽകാൻ നിർദേശിച്ചിട്ടുണ്ട്.

അസോസിയേഷനുവേണ്ടി അഡ്വ. കെ.എ. അനീഷാണ് കോടതിയിൽ ഹാജരായത്. സബ് സെന്ററിന്റെ വിളിപ്പാടകലെയാണ് അനീഷിന്റെ വീട്. എന്നിട്ടും പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്ന് വൈദ്യസഹായം ലഭിക്കാതെ അദ്ദേഹത്തിന്റെ മാതാപിതാക്കളായ കെ.വി. അരവിന്ദനും ശോഭന അരവിന്ദനും 10 ദിവസങ്ങൾക്കിടെ കൊവിഡ് ബാധിച്ച് മരിച്ചു.