കൊച്ചി: ഹൈക്കോടതി വിധി ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പ് പ്രശ്‌നത്തിനും പരാതികൾ പരിഹരിക്കപ്പെടുന്നതിനും തടസമല്ലെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ രാജൻ ബാബു വാർത്താക്കുറിപ്പിൽ പറഞ്ഞു. പ്രശ്‌നം രാഷ്ട്രീയവത്കരിക്കാതെയും ക്രിസ്ത്യൻ-മുസ്ലിം മത സൗഹാർദ്ദം തകരാതെയും പരിഹരിക്കപ്പെടേണ്ടതാണ്. ന്യൂനപക്ഷങ്ങൾക്കുള്ള അവകാശങ്ങൾ മത സാമുദായിക വിഭാഗീയ വികാരത്തിനതീതമായി സാമൂഹിക നീതിക്കായിട്ടുള്ള നടപടികളാണ്. മതേതര ജനാധിപത്യഘടന സുരക്ഷിതമായി നിലനിൽക്കുന്നതിന് ഇത് അനിവാര്യവുമാണ്. 1992ലെ ദേശീയ ന്യൂനപക്ഷ കമ്മിഷൻ നിയമ പ്രകാരം സർക്കാരിന് ഏതെങ്കിലും ന്യൂനപക്ഷ വിഭാഗത്തിന് നഷ്ടപ്പെട്ട അവകാശം, അവരോടുള്ള വിവേചനം, ഇവയിൻമേലുള്ള അവരുടെ പരാതികൾ എന്നിവ അന്വേഷണം നടത്തി പഠന റിപ്പോർട്ട് തയ്യാറാക്കാവുന്നതാണ്. പഠന റിപ്പോർട്ട് പ്രകാരം സർക്കാരിന് അതത് ന്യൂനപക്ഷത്തിനും അവർക്കുള്ള അർഹതയനുസരിച്ച് വിവേചനരഹിതമായി സാമൂഹിക സുരക്ഷാപദ്ധതി ആനൂകൂല്യങ്ങൾ ലഭ്യമാക്കാനാവുമെന്നും രാജൻ ബാബു അഭിപ്രായപ്പെട്ടു.