പള്ളുരുത്തി: രണ്ട് പഞ്ചായത്തുകൾ ഉൾപ്പെടെ പശ്ചിമകൊച്ചിയിൽ 8 വാർഡുകൾ അടച്ചുപൂട്ടി. രോഗവ്യാപനം കൂടിയതിനെത്തുടർന്നാണ് കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളും 13 മുതൽ 21 വരെ യുള്ള വാർഡുകളും അടച്ചുപൂട്ടാൻ ഉത്തരവായത്. ഇതിൽ ഇരുപതാം ഡിവിഷൻ മാത്രം ഒഴിവാക്കിയിട്ടുണ്ട്. രോഗവ്യാപനത്തെത്തുടർന്ന് പല ഡിവിഷനുകളിലും ഹെൽപ്പ് ഡെസ്ക് തുറന്നിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങൾ, ഡിവിഷൻ കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിൽ രോഗബാധിതരുടെ വീടുകളിൽ മരുന്നും ഭക്ഷണവും എത്തിക്കുന്നുണ്ട്.
ചെല്ലാനത്തുകാർക്ക് വാക്സിനേഷൻ ക്യാമ്പ്
ചെല്ലാനത്ത് കടൽക്ഷോഭ പരിഹാരത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികൾ തുടങ്ങി. ഇന്ന് ചെല്ലാനത്തുള്ളവർക്ക് പ്രത്യേകം വാക്സിനേഷൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. കടൽക്ഷോഭത്തിൽ പലരുടെയും ഫോൺ നഷ്ടപ്പെട്ടതിനാൽ ഓൺലൈൻ വഴി വാക്സിൻ ബുക്ക് ചെയ്യാനുള്ള സൗകര്യം ഇല്ലാത്തതിനെത്തുടർന്നാണ് ഇന്ന് വാക്സിനേഷൻ ക്യാമ്പ് തുറക്കാനുള്ള സാഹചര്യം ഒരുക്കിയതെന്ന് അധികൃതർ അറിയിച്ചു. ചെല്ലാനത്തും കുമ്പളങ്ങിയിലും രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യമാണ്.
തീരദേശമേഖല ദുരിതത്തിൽ
കഴിഞ്ഞ ഒന്നരമാസമായി ചെല്ലാനം ഹാർബർ അടഞ്ഞുകിടക്കുകയാണ്. ഇതിനെത്തുടർന്ന് തീരദേശ മേഖല തീരാദുരിതത്തിലാണ്. എന്നാൽ മറ്റു ഹർബറുകളെ ആശ്രയിക്കാമെന്നുവെച്ചാൽ അടച്ചുപൂട്ടിയിരിക്കുന്നതിനാൽ ആരെയും പുറത്തുവിടാത്ത സ്ഥിതിയും. ബാങ്ക് ലോണായും ബ്ലേഡ് പലിശയ്ക്കും വായ്പയെടുത്താണ് പലരും ഹാർബറിൽ വള്ളവും വലയും വാങ്ങിയിരിക്കുന്നത്. ഇനി ഇത് എങ്ങിനെ തിരിച്ചടക്കും എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളി സമൂഹം.