ചോറ്റാനിക്കര: ശാരീരിക വൈകല്യങ്ങളോട് പോരാടുമ്പോഴും കൊവിഡ് മഹാമാരിയെ നേരിടുവാനുള്ള നാടിന്റെ പോരാട്ടത്തിന് കൈത്താങ്ങായി സ്വന്തം കുടുക്കയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവനയായി നൽകി മാതൃകയായി കൊച്ചുമിടുക്കി ദേവാഞ്ജലി. ചോറ്റാനിക്കര അമ്പാടിമല കോവിലകംവീട്ടിൽ ശ്രീകുമാറിന്റെയും ശോഭനയുടെയും മകളും ചോറ്റാനിക്കര ഗവ.ഹൈസ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിനിയുമാണ് ദേവാഞ്ജലി.
ദേവാഞ്ജലി എല്ലാ ദിവസവും വൈകിട്ട് ടിവിയിൽ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണും. ഇതിൽനിന്ന്
കാര്യങ്ങൾ മനസിലാക്കിയാണ് പെൻഷനടക്കമുള്ള തന്റെ ഒരു വർഷത്തെ സമ്പാദ്യം സംഭാവനയായി നൽകാൻ തീരുമാനിച്ചത്. മാതാപിതാക്കളും സഹോദരി ദേവയാനിയും തീരുമാനത്തെ എതിർത്തില്ല. വിവരം പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷിനെയും വാർഡ് മെമ്പർ പൗലോസിനെയും അറിയിച്ചു. ഇരുവരും ദേവാഞ്ജലിയുടെ വീട്ടിലെത്തി കുടുക്കയിലെ സമ്പാദ്യം ഏറ്റുവാങ്ങി.