utham-kumar

കൊച്ചി: 'മനോവിഷമത്തിലുള്ള മുങ്ങലും, പിന്നെയുള്ള പൊങ്ങലും' - ഒരു രാത്രിയും പകലും പൊലീസിനെ വെള്ളം കുടിപ്പിച്ച എ.എസ്.ഐ ഒടുവിൽ തിരിച്ചെത്തി. എറണാകുളം ഹാർബർ സ്റ്റേഷനിലെ എ.എസ്.ഐ ഉത്തംകുമാറാണ് പൊലീസിനെയും വീട്ടുകാരെയും വെള്ളം കുടിപ്പിച്ചത്. ഇന്നലെ രാവിലെയാണ് ഇയാൾ തിരിച്ച് വീട്ടിലെത്തിയത്. പിന്നീട് പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെത്തി നാടുവിട്ട സാഹചര്യം അന്വേഷണ ഉദ്യോഗസ്ഥനെ ബോധിപ്പിച്ചു. ഗുരുവായൂരിലേക്കാണ് പോയതെന്നാണ് ഇയാൾ അറിയിച്ചത്. ഭാര്യ ദീപ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനാൽ ഉത്തംകുമാറിനെ കോടതിയിൽ ഹാജരാക്കിയശേഷം ജാമ്യത്തിൽ വിട്ടു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം ഉടൻ ആരംഭിക്കും.

ശനിയാഴ്ച വൈകിട്ടാണ് ഉത്തംകുമാറിനെ കാണാനില്ലെന്ന് ഭാര്യ പരാതി നൽകിയത്. വൈകി എത്തിയതിന് സി.ഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്താൽ നാടുവിട്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. വ്യാഴാഴ്‌ച ഡ്യൂട്ടിക്ക് വൈകി എത്തിയതിന് സി.ഐ ഹാജർ ബുക്കിൽ ഉത്തംകുമാർ ആബ്‌സന്റാണെന്ന് രേഖപ്പെടുത്തി. തുടർന്ന് വീട്ടിലെത്തിയ ഇയാൾക്ക് വൈകിട്ടോടെ കാരണം കാണിക്കൽ നോട്ടീസും നൽകി. വിശദീകരണം നൽകാൻ വെള്ളിയാഴ്‌ച രാവിലെ സ്റ്റേഷനിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഉത്തംകുമാർ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് ഒരു വിവരവുമില്ലെന്നായിരുന്നു ഭാര്യ ദീപ പരാതിയിൽ പറഞ്ഞിരുന്നത്.

എന്നാൽ വൈകിയെത്തിയതിനാൽ വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്‌തതെന്നുമാണ് സി.ഐ പറയുന്നത്. പള്ളുരുത്തിയിലെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ മാത്രം ദൂരമുള്ള ഹാർബർ സ്റ്റേഷനിൽ ഉത്തംകുമാർ സ്ഥിരമായി വൈകിയാണ് എത്തിയിരുന്നത്. താക്കീത് നൽകിയെങ്കിലും ശീലം തുടർന്നതോടെ രണ്ടുവട്ടം മെമ്മോകൊടുത്തു. വീണ്ടും വൈകിയെത്തിയതോടെ ഹാജർ ബുക്കിൽ ആബ്‌സന്റ് രേഖപ്പെടുത്തുകയും മട്ടാഞ്ചേരി എ.സി.പിക്ക് റിപ്പോർട്ട് നൽകുകയും ചെയ്‌തു.

 ടാർഗറ്റ് ചെയ്‌തെന്ന് ഉത്തംകുമാർ
വൈകി എത്തിയതിന് മേലുദ്യോഗസ്ഥൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും തന്നെ 'ടാർഗറ്റ്" ചെയ്യുകയാണെന്ന പദപ്രയോഗം നടത്തിയെന്നുമാണ് ഉത്തംകുമാറിന്റെ മൊഴിയിൽ പറയുന്നത്. ഇതേത്തുടർന്നാണ് മാറി നിന്നത്. കൂടെയുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനോട് അടുത്ത ടാർഗറ്റ് നീയാണെന്ന് ഇതേ മേലുദ്യോഗസ്ഥൻ പറഞ്ഞതായും മൊഴിയിലുണ്ട്.