കോലഞ്ചേരി: ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് ഷാപ്പുകൾ തുറന്നതോടെ സ്റ്റോക്കെത്തിയ കള്ള് ആദ്യ മണിക്കൂറിൽ കാലിയായി. മാമല റെയിഞ്ചിലെ 42 ഷാപ്പുകളിൽ ഭൂരിഭാഗവും ഇന്നലെ തുറന്നു. ലോക്ക് ഡൗൺ കാലയളവിൽ പാലക്കാട്ടെ തോട്ടങ്ങളിൽ ചെത്ത് നിർത്താത്തതിനാൽ തെങ്ങിൻ കള്ള് എത്തുന്നുണ്ട്. ആവശ്യക്കാർ ഏറിയതിനാൽ റേഷനായാണ് നൽകുന്നത്. 80 ലിറ്റർ വീതം ഷാപ്പുകൾക്ക് നൽകിയെങ്കിലും ആദ്യ മണിക്കൂറിൽ തന്നെ കള്ള് തീർന്നു. നാടൻ പനയുണ്ടെങ്കിലും ലോക്ക് ഡൗണിൽ ചെത്ത് നിർത്തിയതോടെ ആവശ്യത്തിന് എത്തിതുടങ്ങിയിട്ടില്ല.

ക്യൂവിലെ പലരും പ്രമുഖരുടെ 'ബിനാമികളു'മാണത്രെ. ക്യൂ നിൽക്കാൻ മാത്രം 300 മുതൽ 500 വരെ മേടിക്കുന്നവരുമുണ്ട്. 165 രൂപയുടെ കള്ളു വാങ്ങാനാണ് ഇരട്ടി തുക ബിനാമികൾ കൈപ്പ​റ്റുന്നത്. കള്ള് കൊടുക്കാനുള്ള ശുപാർശക്കാരെ കൊണ്ട് മടുത്തുവെന്നാണ് ഒരു പ്രധാന ഷാപ്പിലെ വില്പനക്കാരന്റെ പരാതി.

പാർസൽ കുപ്പിയും ഇവിടെ റെഡി

ഓരോ ഷാപ്പിലും 15 മുതൽ 20 ലി​റ്റർ വരെയാണ് പന അളക്കുന്നത്. കള്ള് വരുന്നതിനു മുമ്പെ ഷാപ്പുകൾക്ക് മുന്നിൽ ക്യൂവാണ്. സാമൂഹിക അകലം പാലിച്ച് പുലർച്ചെ തന്നെ ക്യൂവിൽ ഇടം പിടിക്കുന്നവരുമുണ്ട്. ആദ്യം നിൽക്കുന്നവർക്കായി വരുന്ന കള്ള് ഒന്നര ലി​റ്റർ വീതം കൊടുക്കും. പാർസലിന് കുപ്പി കൈയിൽ ഇല്ലെങ്കിലും പ്രശ്നമില്ല ഒന്നിന് 8 രൂപ കൊടുത്താൽ ഷാപ്പിൽ കുപ്പിയുമുണ്ട്. ക്യൂവിലെ എല്ലാവർക്കും കൊടുക്കാനുള്ള കള്ളുമില്ല.

ഇന്ന് മുതൽ എല്ലാ ഷാപ്പുകളും തുറക്കും

ഇന്നലെ പ്രധാന ജംഗ്ഷനുകളിലെ ഷാപ്പുകളാണ് തുറന്നത്. ഇന്നു മുതൽ എല്ലാ ഷാപ്പുകളും തുറക്കാനാണ് തീരുമാനം. ചിറ്റൂരിൽ നിന്നാണ് സംസ്ഥാനത്തെ ഇതര ജില്ലകളിലേക്ക് കള്ള് കയറ്റിക്കൊണ്ടുപോകുന്നത്. 700 പെർമി​റ്റുകൾ പ്രകാരം പ്രതിദിനം 2.05 ലക്ഷം ലിറ്റർ കള്ള് കൊണ്ടുപോകുന്നുണ്ടെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണക്ക്. വിദേശമദ്യശാലകൾക്ക് തുറക്കാൻ അനുമതിയാവാത്തതിനാൽ കള്ളുഷാപ്പുകളിൽ പാർസൽ രീതിയിലാണെങ്കിലും വില്പന കൂടാൻ സാദ്ധ്യതയുണ്ടെന്ന് ഷാപ്പുടമകൾ പറയുന്നു. അങ്ങനെ വന്നാൽ മദ്യശാലകൾ തുറക്കുംവരെ പെർമി​റ്റ് അളവിലെങ്കിലും കള്ള് വേണ്ടിവരുമെന്നും ഇവർ പറയുന്നു.