ന്യൂഡൽഹി: 2015ൽ ആദ്യഘട്ടമായി പുറത്തിറക്കിയ ഗോൾഡ് ബോണ്ട് തിരിച്ചെടുക്കാൻ റിസർവ് ബാങ്ക് വില നിശ്ചയിച്ചു. ഒരു യൂണിറ്റിന് 4,837 രൂപ നിരക്കിലാകും ബോണ്ട് തിരികെ വാങ്ങുക. മുൻആഴ്ചയിലെ തിങ്കൾ മുതൽ വെള്ളിവരെയുള്ള 0.999 പ്യൂരിറ്റി സ്വർണത്തിന്റെ ക്ലോസിംഗ് നിരക്കിന്റെ ശരാശരി കണക്കാക്കിയാണ് ഈ തുക നിശ്ചയിക്കുന്നത്.
ഗ്രാമിന് തുല്യമായ ഒരു യൂണിറ്റിന് 2,684 രൂപ നിരക്കിലായിരുന്നു 2015 നവംബർ 5-20 കാലയളവിൽ ഗോൾഡ് ബോണ്ട് പുറത്തിറക്കിയത്. ഇതുപ്രകാരം 80ശതമാനമാണ് നിക്ഷേപകർക്ക് നേട്ടം ലഭിച്ചത്. വാർഷികാദായമാകട്ടെ 12.5ശതമാനവും. എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധിയെങ്കിലും അഞ്ചുവർഷം പൂർത്തിയാക്കിയാൽ നിക്ഷേപം തിരിച്ചെടുക്കാൻ അനുവദിക്കും. ഇതുപ്രകാരം അഞ്ചുവർഷം പിന്നിട്ട ബോണ്ടുകൾ ആദ്യഘട്ടമായി കഴിഞ്ഞ നവംബറിൽ തിരിച്ചെടുക്കാൻ അനുവദിച്ചിരുന്നു. ഓരോ ആറുമാസം കഴിയുമ്പോഴും അഞ്ചുവർഷം പൂർത്തിയാക്കിയ ബോണ്ടുകൾ പണമാക്കാം. ഗോൾഡ് ബോണ്ട് വാങ്ങിയ ബാങ്കിലോ, പോസ്റ്റ് ഓഫീസിലോ മറ്റ്ഏജൻസികളിലോ അപേക്ഷനൽകിയാൽ പണംതിരികെ ലഭിക്കും. കാലാവധിയെത്തി തിരിച്ചെടുക്കുമ്പോൾ മൂലധനനേട്ടത്തിന് ആദായനികുതി നൽകേണ്ടതില്ല.
ഇപ്പോൾ അപേക്ഷിക്കാം
നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാംഘട്ട ഗോൾഡ് ബോണ്ടിന് ഇപ്പോൾ അപേക്ഷിക്കാം. ഒരു ഗ്രാമിന് തുല്യമായ ഗോൾഡ് ബോണ്ടിന് 4,889 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഓൺലൈൻ വഴി നിക്ഷേപിക്കുകയാണെങ്കിൽ 50 രൂപ കിഴിവുണ്ട്. ജൂൺ നാല് വരെയാണ് അപേക്ഷിക്കാൻ കഴിയുക. ബോണ്ട് സർട്ടിഫിക്കറ്റ് ജൂൺ എട്ടിന് ലഭിക്കും.