കൊച്ചി: വിദ്യാർത്ഥികൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ് നൽകുന്നതിന് ഒന്നാം പിണറായി സർക്കാർ രൂപം നൽകിയ വിദ്യാശ്രീ ലാപ്‌ടോപ് പദ്ധതി അവതാളത്തിൽ. 10 ലക്ഷത്തോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തത്. 14 ജില്ലകളിലായി 200 വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്തുകൊണ്ടായിരുന്നു പദ്ധതിയുടെ തുടക്കം. എന്നാൽ അതിനു ശേഷം പദ്ധതി മുന്നോട്ട് പോയില്ല.
കുടുംബശ്രീ മിഷനും, ഐ.ടി വകുപ്പും, കെ.എസ്.എഫ്.ഇയും സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. 500 രൂപ വീതമുള്ള 30 അടവുകളായാണ് പദ്ധതി. സാധാരണക്കാരായ അയൽക്കൂട്ട അംഗങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ് ലഭ്യമാക്കുമെന്നും ആദ്യ മൂന്ന് തവണയായി 1500 രൂപ അടച്ചാൽ തന്നെ ലാപ്‌ടോപ് നൽകുമെന്നുമായിരുന്നു പദ്ധതിയിൽ പറഞ്ഞിരുന്നത്. എന്നാൽ ആറും ഏഴും തവണ അടച്ചവർക്ക് പോലും ലാപ്‌ടോപ് ഇതുവരെ നൽകിയിട്ടില്ല. എച്ച്.പി, എയ്‌സർ, കൊക്കോണിക്‌സ്, ലെനോവ തുടങ്ങിയ കമ്പനികളുടെ ലാപ്‌ടോപാണ് നൽകുന്നത്.
ഇപ്പോൾ ആവശ്യക്കാർ ഒരു ലക്ഷത്തിലേറെ
ഉദ്ഘാടനവേളയിൽ ആവശ്യക്കാരുടെ എണ്ണം 1,44,028 ആയിരുന്നു. എന്നാൽ ഇപ്പോൾ ഒരു ലക്ഷത്തിലേറെ ആളുകൾ മാത്രമാണ് ആവശ്യക്കാരായുള്ളത്. വായ്പയുടെ അഞ്ചു ശതമാനം പലിശ സർക്കാരും നാല് ശതമാനം പലിശ കെ.എസ്.എഫ്.ഇയുമാണ് വഹിക്കുന്നത്. ആശ്രയ കുടുംബങ്ങൾക്ക് 7,000 രൂപയ്ക്ക് ലാപ്‌ടോപ് നൽകാനും ലക്ഷ്യമിട്ടിരുന്നു. പട്ടികജാതി- പട്ടികവർഗ, മത്സ്യബന്ധന കുടുംബങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പ് നിശ്ചയിക്കുന്ന സബ്‌സിഡി ഇതിനു പുറമേ അധികമായി ലഭിക്കും.
കമ്പനികളുമായി കരാർ ഒപ്പിടുന്നതിൽ വന്ന താമസവും വിതരണത്തിനുള്ള സമയം ദീർഘിപ്പിച്ചു നൽകണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടതും മൂലമാണ് തടസം നേരിട്ടത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും പദ്ധതി വൈകുന്നതിന് കാരണമായി. ലാപ്‌ടോപ്പുകൾ ഉടൻ വിതരണം ചെയ്യും. സുജാത, കെ.എസ്.എഫ്.ഇ ഡി.ജി.എം