കൊച്ചി: ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകിയിരുന്ന 80 : 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയോട് വിയോജിച്ച് ലത്തീൻ കത്തോലിക്കാസഭ. പിന്നാക്കക്കാരായ ലത്തീൻ കത്തോലിക്കർക്കും പരിവർത്തിത ക്രൈസ്തവർക്കും ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന വിധി സാമൂഹിക നീതിക്കെതിരാണെന്ന് സഭാ സംഘടനകൾ ആരോപിച്ചു. ക്രൈസ്തവരിലെ മറ്റു വിഭാഗങ്ങൾ വിധിയെ പിന്തുണയ്ക്കുമ്പോഴാണിത്.
ജനാധിപത്യ സർക്കാരുകൾ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ദുർബല ജനവിഭാഗങ്ങളെ ശാക്തീകരിക്കാൻ പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ അസാധുവാക്കിയ കോടതി വിധി ഖേദകരമാണെന്ന് കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി.) പത്രക്കുറിപ്പിൽ അറിയിച്ചു. ന്യൂനപക്ഷങ്ങൾക്കുളള ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമാകണമെന്ന നിലപാട് സ്വാഗതാർഹവുമാണ്. ഉത്തരവുകൾ റദ്ദാക്കിയതു മൂലം ഒരു വിഭാഗത്തിന് അർഹമായ നീതി നിഷേധിക്കപ്പെടുന്നത് പരിഹരിക്കണമെന്ന് കൗൺസിൽ പ്രസിഡന്റ് ബിഷപ്പ് ജോസഫ് കരിയിൽ, ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ എന്നിവർ ആവശ്യപ്പെട്ടു.
സ്കോളർഷിപ്പ്
പുന:സ്ഥാപിക്കണം
കോടതി റദ്ദാക്കിയ ഉത്തരവുകളിൽ ക്രൈസ്തവരിലെ അവശവിഭാഗങ്ങൾക്ക് ലഭിച്ചിരുന്ന സ്‌കോളർഷിപ്പുകൾ പുന:സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു.
നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടു പ്രകാരം മുസ്ലീം സമുദായത്തെക്കാൾ പിന്നാക്കമാണ് ലത്തീൻ കത്തോലിക്കരും പരിവർത്തിത ക്രൈസ്തവരും. 2000 മുതൽ 10 വർഷത്തിനിടെ ക്ലാസ് 3യിൽ 4,370 വും ക്ലാസ് 4ൽ 2,290 വും തൊഴിലവസരം സർക്കാർ തസ്തികകളിൽ ലത്തീൻ, പരിവർത്തിത ക്രൈസ്തവർക്ക് നഷ്ടമായിട്ടുണ്ട്. അക്കാര്യങ്ങൾ കൂടി പരിഗണിച്ചാണ് സ്‌കോളർഷിപ്പ് അവസരങ്ങൾ നൽകിയിരുന്നതെന്ന് കെ.എൽ.സി.എ പ്രസിഡന്റ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ പറഞ്ഞു.