കൊച്ചി: അമൃത സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ വിഭാഗത്തിന് ഏഴ് പുതിയ പേറ്റന്റുകൾ. കാൻസറിനും മൾട്ടിപ്പിൾ സ്‌ക്ലീറോസിസിനും (എം.എസ്) മരുന്ന് ഉൾപ്പെടെ ഏഴ് കണ്ടുപിടുത്തങ്ങൾക്കാണ് ദേശീയ, അന്തർദേശീയ പേറ്റന്റുകൾ ലഭിച്ചത്.
മൂന്ന് കണ്ടുപിടുത്തങ്ങൾക്ക് അമേരിക്കൻ പേറ്റന്റും നാലെണ്ണത്തിന് ഇന്ത്യൻ പേറ്റന്റും ലഭിച്ചതായി അമൃത സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ ഡയറക്ടർ ഡോ. ശാന്തികുമാർ വി. നായർ പറഞ്ഞു.
ശരീരത്തിന്റെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന എം.എസ് രോഗത്തിനുള്ള മരുന്നിനും എക്‌സ്-റേ, എം.ആർ.ഐ., ഇൻഫ്രാറെഡ് ഫ്‌ളൂറസെൻസ് എന്നിവയിൽ മികവുറ്റ ദൃശ്യം നൽകാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ മൾട്ടിമോഡൽ നാനോ കോൺട്രാസ്റ്റ് ഏജന്റ് വികസിപ്പിച്ചതിനും നാനോ ടെക്‌സ്‌റ്റൈൽ അടിസ്ഥാനമാക്കി ചെറിയ വ്യാസമുള്ള രക്തക്കുഴൽ ഒട്ടിക്കാനുള്ള സാങ്കേതിക വിദ്യക്കുമാണ് അമേരിക്കൻ പേറ്റന്റ് ലഭിച്ചത്.
ഒരേസമയം രോഗിക്ക് ഒന്നിലധികം മരുന്നുകൾ നൽകാൻ കഴിയുന്ന കോർ-ഷെൽ നാനോപാർട്ടിക്കിൾ സിസ്റ്റം കണ്ടുപിടിച്ചതിനും നാനോ സ്ട്രക്ചർ ഓർത്തോപീഡിക്, ഡെന്റൽ ഇംപ്ലാന്റ് വികസിപ്പിച്ചതിനും മരുന്നില്ലാതെ ഉപയോഗിക്കാവുന്ന പുതിയ സ്റ്റെന്റ് കണ്ടുപിടിച്ചതിനുമാണ് ഇന്ത്യൻ പേറ്റന്റ്.