വൈപ്പിൻ: ലോക്ക് ഡൗണിൽ സംസ്ഥാനത്ത് പൊതുവേ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും കണ്ടെയിൻമെന്റ് സോണുകളായി തുടരുന്ന വൈപ്പിൻകരയിലെ എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണങ്ങൾ ഇനിയും തുടരും. തൊഴിൽ മേഖലയിൽ ഇളവുകൾ നൽകിയിട്ടുള്ള സ്ഥലങ്ങളിലേക്ക് ഇവിടെയുള്ളവർക്ക് യാത്രചെയ്യാനാവില്ല. അവർ ജോലിസ്ഥലങ്ങളിൽത്തന്നെ താമസിക്കേണ്ടിവരും. പൊതുഗതാഗതവും ഉടനെയില്ല. കൊവിഡ് പോസീറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ താഴെവരുന്നതുവരെ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ക്വാറന്റെയിനിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ അവരെ ഡി. സി. സികളിലേക്ക് അയക്കും.
ഫിഷിംഗ് ഹാർബറുകൾ തുറക്കാൻ അനുമതി ലഭിച്ചതിനെത്തുടർന്ന് മുനമ്പം ഹാർബർ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പൊലീസ് നിയന്ത്രണമുണ്ട്. വൈപ്പിൻ കാളമുക്ക് വള്ളക്കടവ് ഹാർബർ അടുത്ത ഞായാറാഴ്ചവരെ അടഞ്ഞുകിടക്കും. ഇന്നലെ കൂടിയ ഹാർബർ മാനേജ്‌മെന്റ് സമിതിയുടേതാണ് തീരുമാനം. ജില്ലയുടെ തീരദേശ മേഖലയിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണിത്.