sreeman-narayanan
മുല്ലപ്പെരിയാർ സമരമുറ്റം പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്ന സാഹിത്യകാരൻ ശ്രീമൻ നാരായണനും പേരക്കുട്ടിയും

ആലുവ: മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും ഡാമിന്റെ ജലനിരപ്പ് 130 അടിയിലേക്ക് അടിയന്തരമായി കുറക്കണമെന്നുമാവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വീടുകൾക്ക് മുമ്പിൽ സമരമുറ്റം തീർത്തു. വീട്ടുമുറ്റങ്ങളിൽ ബ്രിഗേഡിന്റെ പ്രവർത്തകരും അനുഭാവികളും കുടുംബസഹിതം പ്ലക്കാർഡുകളുമായി അണിനിരന്നു. കലാസാംസ്‌കാരിക രംഗത്തുള്ളവരും വിവിധ രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങളും പങ്കെടുത്തു. മുപ്പത്തടത്ത് സാഹിത്യകാരൻ ശ്രീമൻ നാരായണനും കുടുംബവും സമരത്തിൽ പങ്കാളികളായി.

2011ൽ റിക്ടർ സ്‌കെയിലിൽ ഒന്നുമുതൽ രണ്ടുവരെ രേഖപ്പെടുത്തിയ ഭൂചലനങ്ങൾ കേരളത്തിലുണ്ടായി. എന്നാൽ 2020 ജനുവരി മുതൽ ആഗസ്റ്റുവരെ റിക്ടർ സ്‌കെയിലിൽ രണ്ടുമുതൽ മൂന്നുവരെ തീവ്രതയുള്ള 62 ഭൂചലനങ്ങളാണ് ഉണ്ടായത്. തീവ്രതയുള്ള ഭൂചലനങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിച്ചിരിക്കുന്നതായി ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നതായി സംഘടന ആരോപിച്ചു.

സമരമുറ്റം സമരങ്ങളുടെ തുടക്കം മാത്രമാണെന്നും കൂടുതൽ പ്രക്ഷോഭ പരിപാടികളും നിയമപോരാട്ടങ്ങളും സമയബന്ധിതമായി നടത്താൻ സേവ് കേരള ബ്രിഗേഡ് തീരുമാനിച്ചുണ്ടെന്നും സേവ് കേരള ബ്രിഗേഡ് ജനറൽ സെക്രട്ടറി അമൃതാ പ്രീതം പറഞ്ഞു.