covid
കൊവിഡ് അടിയന്തരസാഹചര്യം കണക്കിലെടുത്ത് റിഹാബിലേഷൻ സെന്ററിലേക്ക് അത്യാവശ്യ മെഡിക്കൽ സാമഗ്രികൾ എം.എൽ.എയുടെ നേതൃത്വത്തിൽ എത്തിച്ചു നൽകുന്നു

മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന റീഹാബിലിറ്റേഷൻ സെന്ററിലെ മുഴുവൻ പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. സെന്ററിലെ മനോവൈകല്യം ഉള്ളവരും പ്രായമുള്ളവരുമായ 200 ഓളം പേർക്കും ജീവനക്കാരുമടക്കം 232ൽ അധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു.

ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ രൂപീകരിച്ച കൊവിഡ് ബ്രിഗേഡ് വാർ റൂമിന്റെ ഹെൽപ്‌ലൈൻ നമ്പരിലേക്ക് സഹായം അഭ്യർത്ഥിച്ച് വന്ന ഫോൺ കോളിലൂടെയാണ് സംഭവം അറിഞ്ഞത്. എം.എൽ.എ നേരിട്ട് സെന്റർ സന്ദർശിച്ച് ഓക്‌സിജൻ ബെഡുക്കളടക്കം എല്ലാ സഹായങ്ങളും നൽകി. റീഹാബിറ്റേഷൻ സെന്റർ തന്നെ ഹെൽത്ത് സെന്ററാക്കി മാറ്റി. ആവശ്യമായ പി.പി.ഇ കിറ്റ്, ഗ്ലൗസ്, മാസ്‌ക്, ഓക്‌സിമീറ്റേഴ്‌സ് തുടങ്ങിയവ നൽകാൻ തീരുമാനിച്ചു.

നിയോജക മണ്ഡലത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ 300 ഓളം ഓക്‌സിജൻ ബെഡുകൾ ഉണ്ടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ അനുവദിച്ച 50 ബെഡുകളിൽ അഞ്ച് ഓക്‌സിജൻ കോൺസൻട്രേറ്റുകളും നൽകി. ഓക്‌സിജൻ ലെവൽ താഴുന്നവർക്ക് സെന്ററിൽ ഉടൻ ചികിത്സ നൽകാൻ കഴിയും വിധമാണ് സൗകര്യം ഏർപ്പെടുത്തിയത്. എൻ.ജി.ഒ അസോസിയേഷന്റെ കൂടി സഹായത്തോടയൊണ് സെന്ററിലേക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.