pic
ഉപഹാരമായി കിട്ടിയ സ്വർണമോതിരം ആന്റണി ജോൺ എം. എൽ. എ ക്ക് കൈമാറുന്നു

ആലുവ/കോതമംഗലം: കോതമംഗലം ട്രാഫിക് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇന്നലെ വിരമിച്ച സബ് ഇൻസ്പെക്ടർ വേണുഗോപാലനും ആലുവ സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്ന് വിരമിച്ച സബ് ഇൻസ്പക്ടർ കെ.സി. സിറിയക്കും സഹപ്രവർത്തകർ ഉപഹാരമായി നൽകിയ സ്വർണമോതിരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പുതുമാതൃക തീർത്തു.

30 വർഷത്തെ സർവീസിനു ശേഷം വിരമിച്ച കോതമംഗലം പിണ്ടിമന സ്വദേശിയായ വേണുഗോപാലനിൽ നിന്ന് ആന്റണി ജോൺ എം.എൽ.എ മോതിരം സ്വീകരിച്ചു. ചടങ്ങിൽ കോതമംഗലം പൊലീസ് ഇൻസ്പെക്ടർ അനിൽ ബി, കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ സെക്രട്ടറി അജിത് കുമാർ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹി എ. എസ്. ഐ ഉബൈസ് എം.എം, സി.പി.ഒ മാരായ ഗിരീഷ് കുമാർ, പി.എ ഷിയാസ്, ട്രാഫിക് എസ്. ഐ. രാജു ജേക്കബ്, എ.എസ്.ഐ സലാം എന്നിവർ പങ്കെടുത്തു.

ആലുവ ജില്ലാ പൊലീസ് ആസ്ഥാനത്തെത്തി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിനാണ് സിറിയക്ക് മോതിരം കൈമാറിയത്. 31 വർഷത്തെ സർവീസിനു ശേഷമാണ് മൂവാറ്റുപുഴ ഇലഞ്ഞി സ്വദേശിയായ സിറിയക് വിരമിച്ചത്. സിറിയക്കിനെ എസ്.പി അഭിനന്ദിച്ചു. 21 പൊലീസ് ഉദ്യോഗസ്ഥരാണ് റൂറൽ ജില്ലയിൽ നിന്ന് ഇന്നലെ വിരമിച്ചത്.