ആലുവ: കുട്ടികളുടെ മാറുന്ന മാനസികാവസ്ഥയെക്കുറിച്ച് മാതാപിതാക്കൾ ബോധവാന്മായിരിക്കണമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. സംസ്ഥാന വനിതാകമ്മീഷനും റൂറൽ ജില്ലാ പൊലീസും കുട്ടികളുടെ അവകാശവും സംരക്ഷണവും എന്ന വിഷയത്തിൽ ഒാൺലൈൻ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സോഷ്യൽ മീഡിയായ്ക്ക് അടിമപ്പെട്ടിരിക്കുയാണ് വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. അതിന്റെ ദോഷഫലങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ പൊലിസിന് ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയുടെ ഗുണദോഷങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കേണ്ടതുണ്ടെന്നും ജില്ലാ പൊലീസ് ഇതുമായി ബന്ധപ്പെട്ട് പരിപാടികൾ ആവിഷ്‌കരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി അദ്ധ്യക്ഷത വഹിച്ചു. എം.കെ.പി. ഹഫ്‌സീന ക്ലാസ് നയിച്ചു. ബാലനീതിയെക്കുറിച്ച് സമൂഹം ബോധവാന്മാരാകണമെന്ന് അവർ പറഞ്ഞു. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അശ്വകുമാർ, സബ് ഇൻസ്‌പെക്ടർ ടി.ആർ. ഗിൽസ് തുടങ്ങിയവർ പങ്കെടുത്തു.