ravi-poojari

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്പ് കേസിലെ പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ രണ്ടു ദിവസത്തിനകം ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കൊച്ചിയിൽ എത്തിക്കും. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ഇയാളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റിന്റെ പ്രത്യേക സംഘം ബംഗളൂരുവിൽ എത്തിയിട്ടുണ്ട്. നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ എറണാകുളം അഡിഷണൽ സി.ജെ.എം കോടതി ഇയാളെ ജൂൺ എട്ടുവരെ കസ്റ്റഡിയിൽ വിട്ടു നൽകി ഉത്തരവായിരുന്നു. അതീവസുരക്ഷയൊരുക്കിയാണ് രവി പൂജാരിയെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്.

മുംബയ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നതിനാൽ മാർച്ച് എട്ടിന് ഇയാളെ കൊച്ചിയിൽ എത്തിക്കാനുള്ള ശ്രമം ഫലം കണ്ടിരുന്നില്ല.

2018 ഡിസംബർ 15നാണ് എറണാകുളം കടവന്ത്രയിൽ നടി ലീന മരിയ പോൾ നടത്തുന്ന 'നെയിൽ ആർട്ടിസ്ട്രി' എന്ന ബ്യൂട്ടി പാർലറിനുനേരെ രണ്ടംഗ സംഘം വെടിയുതിർത്തത്. ലീനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ക്വട്ടേഷൻ നൽകിയതായി രവി പൂജാരി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.

ആദ്യം ശബ്ദ സാമ്പിൾ
രവി പൂജാരിയുടെ ശബ്ദസാമ്പിളായിരിക്കും ആദ്യം രേഖപ്പെടുത്തുക. പരാതിക്കാരിയെ ഇയാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. വെടിയുതിർക്കാൻ കൈമാറിയ തോക്ക് സംബന്ധിച്ചും വിദേശത്ത് കടന്ന പ്രതികളുമായുള്ള ബന്ധവുമടക്കം കേസിലെ കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിലൂടെ പുറത്തു കൊണ്ടുവരാൻ സാധിക്കുമെന്നാണ് ക്രൈംബ്രാഞ്ച് കണക്കുകൂട്ടൽ.