കൊച്ചി: കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ 102 ഓക്‌സിജൻ ബെഡുകളുളള കൊവിഡ് ആശുപത്രി പ്രവർത്തനം ആരംഭിച്ചു. വെല്ലിംഗ്ടൺ ഐലൻഡിലെ സാമുദ്രിക ഹാളാണ് മികച്ച സജ്ജീകരണങ്ങളുള്ള ആശുപത്രിയായി രൂപംമാറിയത്. കൊച്ചിൻ പോർട്ട്ട്രസ്റ്റ് ചെയർമാൻ ഡോ. എം. ബീന ഉദ്ഘാടനം ചെയ്തു. സാമുദ്രിക ഹാളിൽ കൊവിഡ് ആശുപത്രി ആരംഭിക്കാൻ കഴിഞ്ഞത് കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ദൗത്യമാണെന്നും അതിന് അവസരം നൽകിയ നഗരസഭയോട് നന്ദിയുണ്ടെന്നും അവർ പറഞ്ഞു.
രാജ്യത്ത് ആദ്യമായാണ് തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ ചികിത്സാസൗകര്യം നടപ്പാക്കുന്നത്.
ഡെപ്യൂട്ടി മേയർ കെഎ.അൻസിയ, സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻമാരായ ടി.കെ. അഷറഫ് ,പി.ആർ. റെനീഷ്, ഷീബാലാൽ, സുനിതഡിക്‌സൺ, ജെ. സനിൽമോൻ, വിഎ. ശ്രീജിത്ത്, കൗൺസിലർമാരായ ആന്റണി കുരീത്തറ, ബെനഡിക്ട് ഫെർണാണ്ടസ്, ടി. പത്മകുമാരി, സിഎ. ഷക്കീർ എന്നിവർ പങ്കെടുത്തു.
മികച്ച സൗകര്യങ്ങളുള്ള ഇവിടെ നാല് ഷിഫ്റ്റുകളിലായി ഡോക്ടർമാരും സ്റ്റാഫ് നഴ്‌സ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെയുളള ജീവനക്കാരും ഡ്യൂട്ടിയിലുണ്ടാകും.
ജില്ലാ ഭരണകൂടത്തിന്റെ കെയർ സോഫ്റ്റ്‌വെയർ വഴിയാണ് രോഗികൾക്ക് പ്രവേശനം നൽകുന്നത്. കൊവിഡിന്റെ പുതിയ തരംഗത്തെ നേരിടാനും ആശുപത്രി സജ്ജമാണെന്ന് അധികൃതർ പറഞ്ഞു .
പശ്ചിമകൊച്ചിക്കാർക്ക് താങ്ങാകും
ഒരുമാസം മുമ്പുതന്നെ ആശുപത്രിക്കാവശ്യമായ പാർട്ടീഷനും പാനലിംഗും ഉൾപ്പെടെയുളള ഒരുക്കങ്ങളെല്ലാം കോർപ്പറേഷൻ പൂർത്തിയാക്കിയിരുന്നു. അമ്പലമേടിലുളള ബി.പി.സി.എൽ കമ്പനിയിൽ നിന്ന് ഓക്‌സിജൻ ലഭ്യമാക്കി തൊട്ടടുത്തുതന്നെ കൊവിഡ് ആശുപത്രി സ്ഥാപിക്കുവാനുളള പ്രവൃത്തികളിൽ ജില്ലാഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാലാണ് സാമുദ്രികയിലെ ആശുപത്രി ആരംഭിക്കാൻ വൈകിയത്. ജില്ലാഭരണകൂടം ഓക്‌സിജൻ സൗകര്യംകൂടി ലഭ്യമാക്കിയതോടെയാണ് ആശുപത്രി പ്രവർത്തനമാരംഭിക്കുന്നത്.
പശ്ചിമകൊച്ചിനിവാസികൾക്കാണ് ഇതിന്റെ പ്രയോജനം കൂടുതൽ ലഭിക്കുന്നത്.