കൊച്ചി: ഗുരുതരമായ ഹൃദയാഘാതം സംഭവിച്ച ചെറുപ്പക്കാരന്റെ ജീവൻ വി.എ എക്‌മോ എന്ന അത്യാധുനിക മെക്കാനിക്കൽ സർക്കുലേറ്ററി സപ്പോർട്ട് സിസ്റ്റത്തിന്റെ (എം.സി.എസ്) സഹായത്തോടെ രക്ഷിച്ചു. കൊവിഡാനന്തര വൈറൽ മയോകാർഡൈറ്റിസിനെത്തുടർന്ന് ഹൃദയാഘാതം സംഭവിച്ച ആലുവ പാറപ്പുറം സ്വദേശി കെ.എം. മനോജിനാണ് (30) കൊച്ചി വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റലിൽ പുതുജീവൻ ലഭിച്ചത്.
പത്തു ദിവസം കൊവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മനോജിനെ കടുത്ത പനിയും ഉയർന്ന ഹൃദയമിടിപ്പുമായാണ് മേയ് 20ന് വി.പി.എസ് ലേക്‌ഷോറിൽ പ്രവേശിപ്പിച്ചത്. കിഡ്‌നിയുടെ പ്രവർത്തനം തകരാറിലായിരുന്നു. രക്തസർദ്ദം താഴ്ന്നതും ശ്വാസംമുട്ടലും സ്ഥിതി വഷളാക്കി. എക്കോടെസ്റ്റിൽ ഹൃദയം 20 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളുവെന്നും കണ്ടെത്തി. രോഗിക്ക് കൊവിഡാനന്തര വൈറൽ മയോകാർഡൈറ്റിസാണെന്ന് സ്ഥിരീകരിച്ചു. തുടർന്നാണ് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വി.എ എക്‌മോ ഉപയോഗപ്പെടുത്താൻ തീരുമാനമായത്.
ഹൃദയത്തിനും ശ്വാസകോശത്തിനും തകരാറു പറ്റിയാൽ അവ പൂർവസ്ഥിതിയിലാകും വരെ പിന്തുണ നല്കുന്ന സപ്പോർട്ട് സിസ്റ്റമാണ് വി.എ എക്‌മോ. നാലാം ദിവസം എക്‌മോ സപ്പോർട്ട് മാറ്റി. 11ാം ദിവസം ഡിസ്ചാർജ് ചെയ്യുമ്പോൾ മനോജിന്റെ ഹൃദയത്തിന്റെ പ്രവർത്തനം ഗണ്യമായ നിലയിൽ മെച്ചപ്പെട്ടിരുന്നു. എത്രയും വേഗം രോഗനിർണയം നടത്തിയാൽ ഇത്തരത്തിൽ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് മനോജിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയ കാർഡിയാക് സർജൻ ഡോ. സുജിത് ഡി.എസ് പറഞ്ഞു.