ആലുവ: ലോക്ക് ഡൗൺ ഇളവുകൾ അനുവദിച്ചപ്പോൾ കീഴ്മാടിലേക്കുള്ള പ്രധാന വഴിയടച്ച പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം. തോട്ടുമുഖം - ജി.ടി.എൻ റോഡിൽ റേഷൻകട കവലയിലും എസ്.എൻ ഗിരി കവലയിലുമാണ് വലിയ ആസ്ബസ്റ്റോസ് പൈപ്പ് റോഡിന് കുറുകെയിട്ട് വഴിയടച്ചത്.
റേഷൻകട കവലയിൽ ഭാഗികമായിട്ടാണ് വഴിയടച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ കീഴ്മാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ എസ്.എൻ. ഗിരിക്ക് സമീപമെത്തി മടങ്ങേണ്ട അവസ്ഥയിലാണ്.
തോട്ടുമുഖം, കുട്ടമശേരി ഭാഗത്ത് നിന്നുള്ളവർക്ക് എളുപ്പത്തിൽ രാജഗിരി ആശുപത്രിയിലേക്ക് പോകാനുള്ള പാതയായതിനാൽ കൊവിഡ് വ്യാപനം രൂക്ഷമായപ്പോഴും ഇവിടെ വഴിയടച്ചിരുന്നില്ല. പൊലീസാണ് ആളുകളെ നിയന്ത്രിച്ചിരുന്നത്. ഇപ്പോൾ പൊലീസിന്റെ സേവനം ഒഴിവാക്കുന്നതിനായി പൈപ്പുകൾ റോഡിന് കുറുകെ ഇടുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതുമൂലം ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ചുറ്റിക്കറങ്ങേണ്ട അവസ്ഥയിലാണ്.