കൊച്ചി: ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്റെ (എ.ഐ.പി.സി) ആഭിമുഖ്യത്തിൽ നടത്തുന്ന 'വൈറസ് ക്ലീൻ' പദ്ധതിയുടെ ഭാഗമായി കൊവിഡ് വിമുക്തരായവരുടെ വീടുകൾ അണുവിമുക്തമാക്കുന്നതിന് സ്‌പ്രേയിംഗ് മെഷീനും 50 ലിറ്റർ മരുന്നും എറണാകുളം ചാപ്റ്റർ പ്രസിഡന്റ് ഫസലുറഹ്മാൻ വടുതല വെസ്റ്റ് കൗൺസിലർ ഹെൻട്രി ഓസ്റ്റിന് കൈമാറി. കൊച്ചി കോർപ്പറേഷനിൽ കൊവിഡ് രോഗികൾ ഏറ്റവും അധികമുള്ള ഡിവിഷനുകളിൽ ഒന്നാണ് വടുതല വെസ്റ്റ്. ഒരു മാസത്തിലേറെയായി ഇവിടം കണ്ടെയിൻമെന്റ് സോണാണ്. കൊവിഡ് ഭേദമായവരുടെ വീടുകളുടെ പരിസരം കോർപ്പറേഷൻ ജീവനക്കാർ സാനിറ്റൈസ് ചെയ്യുന്നുണ്ടെങ്കിലും വീടുകളുടെ ഉൾവശം അണുവിമുക്തമാക്കുന്നതിന് സ്വകാര്യഏജൻസികൾ അമിതനിരക്ക് ഈടാക്കുന്നതായി വ്യാപകമായ പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് എ.ഐ.പി.സി സഹായഹസ്തവുമായി എത്തിയതെന്ന് കൗൺസിലർ പറഞ്ഞു