തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത കമ്പനിക്ക് വീണ്ടും ടെൻഡർ നൽകാനുളള നീക്കത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷകൗൺസിലർമാർ ചെയർപേഴ്സൻ അജിതാ തങ്കപ്പനെ ചേംബറിൽ ഉപരോധിച്ചു. നീക്കത്തിന് പിന്നിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. കോടതിയിൽ സ്റ്റേയുളള മൂന്ന് വിഷയങ്ങൾ വീണ്ടും അജണ്ടയിൽ കൊണ്ടുവന്നതിനെയും പ്രതിപക്ഷം എതിർത്തു.
ഇന്നലെ രാവിലെ പതിനൊന്നിന് ഓൺലൈൻ വഴിയായിരുന്നു യോഗം. അൻപത്തി മൂന്ന് വിഷയങ്ങൾ അജണ്ടയിൽ ഉണ്ടായിരുന്നു. കൊവിഡിന്റെ സാഹചര്യത്തിൽ പ്രധാനപ്പെട്ട അജണ്ടകൾ മാത്രം യോഗത്തിൽ പരിഗണിച്ചാൽ മതിയെന്ന് പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു ആവശ്യപ്പെട്ടെങ്കിലും ചെയർപേഴ്സൻ അജിത തങ്കപ്പൻ അംഗീകരിച്ചില്ല. കഴിഞ്ഞ ഫെബ്രുവരി ആറിന് ചേർന്ന കൗൺസിൽ യോഗത്തിലെ സപ്ലിമെന്ററി അജണ്ടയിൽ ഇരുപതോളം പ്രധാനവിഷയങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പ്രതിപക്ഷാംഗങ്ങൾ ശക്തമായി എതിർത്തെങ്കിലും അജണ്ട പാസാക്കിയിരുന്നു. പ്രതിപക്ഷ കൗൺസിലർമാരായ എം.കെ. ചന്ദ്രബാബു, എം.ജെ. ഡിക്‌സൺ, സ്വതന്ത്ര കൗൺസിലർ പി.സി. മനൂപ് എന്നിവർ ഇതിനെതിരെ കോടതിയിൽനിന്ന് സ്റ്റേവാങ്ങിയിരുന്നു. അതേ വിഷയങ്ങൾ വീണ്ടും ഇന്നലത്തെ കൗൺസിലിൽ പ്രധാന അജണ്ടയായി വന്നതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
പതിനഞ്ചാം വാർഡിലെ നിർമ്മാണങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്താത്തതിനെ കൗൺസിലർ പി.സി. മനൂപ് ചോദ്യം ചെയ്‌തെങ്കിലും അജണ്ട വേഗത്തിൽ വായിച്ച് പാസാക്കാനായിരുന്നു ഭരണപക്ഷം ശ്രമിച്ചത്. വീടുകളിലുണ്ടായിരുന്ന പ്രതിപക്ഷ കൗൺസിലർമാർ നഗരസഭയിലേക്ക് പാഞ്ഞെത്തി ചെയർപേഴ്സ്നെ ഉപരോധിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ താത്കാലിക ജീവനക്കാരന്റെ സർവീസ് നീട്ടിക്കൊടുത്ത നടപടി റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രതിപക്ഷ കൗൺസിലർമാരായ എം.കെ. ചന്ദ്രബാബു, എം.ജെ. ഡിക്‌സൺ, അനിത ജയചന്ദ്രൻ, പി.സി. മനൂപ്, റസിയ നിഷാദ്, അജുന ഹാഷിം, ഉഷ പ്രവീൺ, സൈമൺ, അജിതകുമാരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ചെയർപേഴ്സൻ തയ്യാറായില്ല.
# ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രമേയം
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ പുതിയ നടപടികൾക്കെതിരെ നഗരസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. കൗൺസിൽ യോഗം ആരംഭിച്ച ഉടനെ കൗൺസിലർ സജീന അക്ബറാണ് പ്രമേയം അവതരിപ്പിച്ചത്. കൗൺസിലർമാരായ സി.സി. വിജു, പി.എം. യൂനുസ് എന്നിവർ എന്നിവർ പിന്താങ്ങി.