pradeep
പ്രദീപ് പുരുഷോത്തമൻ

കൊച്ചി: വാക്കുകൾ 'വളമാക്കിയ' വരകളിലൂടെ ചിത്രങ്ങളൊരുക്കുന്ന പ്രദീപ് പുരുഷോത്തമൻ 35 വർഷത്തെ സേവനത്തിനു ശേഷം ഇന്ന് ഫാക്ടിന്റെ പടിയിറങ്ങുന്നു. മലയാള എഴുത്തുകാരെ അവരുടെ കൃതികളിൽ നിന്നു തിരഞ്ഞെടുത്ത ഏതാനം വരികളിലൂടെ വരച്ചെടുക്കുന്ന മൊഴിവരയെന്ന ശൈലിയുടെ വക്താവാണ് പ്രദീപ്.

ഫാക്ടിലെ സീനിയർ കെമിസ്റ്റായ പ്രദീപ് ഇതിനകം ചിത്രപ്രദർശനങ്ങളും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നവരുടെ ചിത്രങ്ങൾ വരച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്ത് പ്രദീപ് തുടങ്ങിവെച്ച ചലഞ്ച് പിന്നീട് പലരും ഏറ്റെടുത്തിരുന്നു. പ്രദീപ് ചിത്രങ്ങൾ വരച്ചു നൽകിയവരിലൂടെ 13 ലക്ഷം രൂപയാണ് 2018 ൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. 2019 ൽ വീണ്ടും പ്രളയമെത്തിയപ്പോൾ ചലഞ്ചിന് രണ്ടാമൂഴമൊരുക്കി പ്രദീപ് വീണ്ടുമെത്തി.

പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര സ്വദേശിയായ പ്രദീപ് പുരുഷോത്തമൻ ഫാക്ടിൽ ജോലി ലഭിച്ചതോടെയാണ് കൊച്ചിയിലെത്തിയത്. ജോലിത്തിരക്കിനിടയിലും സാമൂഹ്യ പ്രവർത്തനങ്ങൾക്കു സമയം കണ്ടെത്തിയിരുന്ന പ്രദീപ് റിട്ടയർമെന്റ് ലൈഫിൽ ചിത്രങ്ങളും സാമൂഹ്യപ്രവർത്തനങ്ങളുമൊക്കെയായി കൂടുതൽ സജീവമാകാനാണ് ലക്ഷ്യമിടുന്നത്.

æ വാക്കുകൾ 'വളച്ചൊടിച്ച' മൊഴിവര

ഒരിക്കൽ ഫാക്ടിലെ ലളിത കലാകേന്ദ്രത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചപ്പോൾ മുഖ്യാതിഥിയായെത്തിയ സംഗീത സംവിധായകൻ ബിജിബാലിന് നൽകാനായി വയലാറിന്റെ അനശ്വര സിനിമാഗാനങ്ങളിലെ വരികൾ വരകളാക്കി ഒരു ചിത്രം തയ്യാറാക്കി. ഇൗ ചിത്രം ബിജിബാൽ പിന്നീട് വലയാറിന്റെ മകനും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ്മയ്ക്ക് സമ്മാനിച്ചു. ഇതറിഞ്ഞ് ബിജിബാലിന്റെ ചിത്രം അദ്ദേഹം ഇൗണമിട്ട വരികളിലൂടെ വരച്ച് പ്രദീപ് സമ്മാനിച്ചു.

തുടർന്നിങ്ങോട്ട് എം.ടി. വാസുദേവൻ നായർ, ഒ.എൻ.വി, സുഗതകുമാരി, മാധവിക്കുട്ടി, ഒ.വി. വിജയൻ, അയ്യപ്പൻ തുടങ്ങിയവരുടെയൊക്കെ ചിത്രങ്ങൾ അവരുടെ കൃതികളിൽ നിന്ന് തിരഞ്ഞെടുത്ത വാക്കുകളും വരികളും കൊണ്ട് വരച്ചൊരുക്കി. ഇതിനു പിന്നാലെ ഫേസ് ബുക്കിലെ സുഹൃത്തുക്കളുടെ കാരിക്കേച്ചറുകൾ വരച്ചു തുടങ്ങി. ഇവ പിന്നീട് ചിത്ര്രപ്രദർശനമായി സംഘടിപ്പിച്ചു.

കൊച്ചിയിലെ ജസ്റ്റിസ് കൃഷ്‌ണയ്യർ മൂവ്മെന്റിന്റെ കൊച്ചിൻ കാൻസർ സെന്റർ എന്ന ആശയത്തിന്റെ തുടക്കം മുതൽ പ്രദീപ് ഒപ്പമുണ്ട്. സഹപാഠിയും പ്രമുഖ യൂറോളജിസ്റ്റുമായ ഡോ. സനിൽകുമാറിനൊപ്പം ഇൗ ആശയത്തിനു വേണ്ടി സോഷ്യൽ മീഡിയയിലടക്കം കാമ്പെയിനുകൾ ഒരുക്കാനും പ്രദീപ് രംഗത്തുണ്ട്. എറണാകുളം കളക്ടറേറ്റിലെ ഉദ്യോഗസ്ഥയായ ജയയാണ് ഭാര്യ. മക്കൾ : ഐ.ടി ഉദ്യോഗസ്ഥയായും വിവാഹിതയുമായ ഗായത്രി, ഗാഥ