pinarai
സി.ഐ.ഐയുടെ 500 കിടക്കയുള്ള കോവിഡ് സെക്കൻഡ് ലൈൻ ചികിത്സാകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ സി.ഐ.ഐ 500 കിടക്കയുള്ള കോവിഡ് സെക്കൻഡ് ലൈൻ ചികിത്സാകേന്ദ്രം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു.

ഗുരുതരമായ കോവിഡ് രോഗം ബാധിച്ചവർക്ക് മികച്ച ചികിത്സ നൽകാൻ സെക്കൻഡ്ലൈൻ ചികിത്സാകേന്ദ്രം ഉപകരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം ചെറുക്കാൻ സർക്കാർ ബഹുമുഖമായ നടപടികളാണ് കൈക്കൊള്ളുന്നത്. ഈ പ്രതിസന്ധിഘട്ടത്തിൽ സർക്കാരിനെ പിന്തുണയ്ക്കുന്നതിന് ഈ കേന്ദ്രം സ്ഥാപിച്ച സി.ഐ.ഐയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ബെന്നി ബഹനാൻ എം.പി, ജില്ലാ കളക്ടർ എസ്. സുഹാസ്, സി.ഐ.ഐ.കേരള ചെയർമാനും ബ്രാഹ്മിൻസ് ഫുഡ്സ് ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു, സി.ഐ.ഐ.കേരള വൈസ് ചെയർമാനും കാൻകോർ ഇൻഗ്രിഡിയന്റ്സ് സി.ഇ.ഒ.യുമായ ജീമോൻ കോര, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കമ്പനി പ്രതിനിധികൾ, സി.ഐ.ഐ.അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ചികിത്സാകേന്ദ്രത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം വാർഡുണ്ട്. ഓക്സിജൻ കോൺസൻട്രേറ്ററുകൾ, ഡിഫിബ്രിലേറ്ററുകൾ,എക്സ്-റേ, ജി.ഇ., മൾട്ടിപാര മോണിട്ടർ
തുടങ്ങിയ എല്ലാ സംവിധാനങ്ങളുമുണ്ട്.

പദ്ധതിയ്ക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങാനും അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കാനും സി.ഐ.ഐ. 2.2 കോടി രൂപ ചെലവിട്ടു.

ഇൻഫോസിസ് ഫൗണ്ടേഷൻ, യു.എസ്.ടെക്നോളജി ഇന്റർനാഷനൽ, ഐ.ബി.എസ് സോഫ്റ്റ് വെയർ, മുത്തൂറ്റ് ഫിൻകോർപ്പ്, ഈസ്റ്റേൺ കോണ്ടിമെന്റ്സ്, ഫെഡറൽ
ബാങ്ക്, സിന്തൈറ്റ് ഇൻഡസ്ട്രീസ്, കാൻകോർ ഇൻഗ്രിഡിയന്റ്സ്, സൺടെക് ബിസിനസ് സൊലൂഷൻസ്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നീ സ്ഥാപനങ്ങളാണ്
പദ്ധതിക്ക് സാമ്പത്തിക പിന്തുണ നൽകിയത്.