nasriya
നസ്റിൻ തനിക്ക് പൊലീസ് നൽകിയ പുതിയ ഫോൺ നൗഫിയക്ക് കൈമാറുന്നു

ഫോർട്ട്കൊച്ചി: ഒടുവിൽ നാലാം ക്ളാസുകാരി നസ്റിന് നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരിച്ച് കിട്ടി. ഫോർട്ടുകൊച്ചി പൊലീസിന്റെ സമർത്ഥമായ അന്വേഷണത്തിൽ കൊച്ചിയിൽ നിന്നു തന്നെ ഫോൺ കണ്ടെടുക്കാൻ പറ്റി. ഫോൺ കിട്ടിയ വ്യക്തി 3000 രൂപയ്‌ക്ക് മറ്റൊരാൾക്ക് മറിച്ചുവിൽക്കുകയായിരുന്നു. ഇയാൾ പുതിയ സിം എടുത്ത് ഫോൺ ഉപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പൊക്കിയത്. ഫോൺ വിറ്റ ആളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

ഫോൺ നഷ്ടമായതിനാൽ ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ട ഫോർട്ട്കൊച്ചി സെന്റ് മേരീസ് സ്കൂൾ വിദ്യാർത്ഥിനിയായ നസ്റിന് മട്ടാഞ്ചേരി പൊലീസ് അസി. കമ്മിഷണർ ജി.ഡി. വിജയകുമാർ പുതിയ ഫോൺ വാങ്ങി നൽകിയത് വാർത്തയായിരുന്നു.

വീണ്ടെടുത്ത ഫോൺ ഇന്നലെ തിരികെ കൊടുക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ നസ്റിൻ വീണ്ടും ഞെട്ടിച്ചു. 'സാറെ എനിക്ക് രണ്ട് ഫോണിന്റെ ആവശ്യമില്ല, ഒരെണ്ണം പാവപ്പെട്ട ഏതെങ്കിലും വിദ്യാർത്ഥിക്ക് നൽകൂ' എന്നായിരുന്നു നസ്റിന്റെ നിലപാട്. തുടർന്ന് തനിക്ക് പൊലീസിൽ നിന്ന് ലഭിച്ച പുതിയ ഫോൺ മട്ടാഞ്ചേരി ടി.ഡി.സ്ക്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനി നൗഫിയക്ക് നേരിട്ട് നസ്റിൻ കൈമാറി.

സി.ഐ പി.കെ.ദാസ്, എസ്.ഐ.കെ.ആർ.ബിജു എന്നിവരുടെ അന്വേഷണത്തിലാണ് നഷ്ടപ്പെട്ട ഫോൺ കണ്ടെത്തിയത്.