കൊച്ചി: കുട്ടമ്പുഴ പഞ്ചായത്ത് ഉൾപ്പെടെയുള്ള ആദിവാസി മേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ബി.ജെ.പി ജില്ല അദ്ധ്യക്ഷൻ എസ്. ജയകൃഷ്ണൻ ആവശ്യപ്പെട്ടു. അത്യാസന്ന നിലയിലുള്ളവരെ ആശുപത്രിയിലെത്തിക്കുന്നതിന് എയർ ലിഫ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തണം.

കൊവിഡ് രോഗവ്യാപനത്താൽ നട്ടംതിരിയുന്ന ആദിവാസികൾ കാലവർഷത്തിന്റെ വരവിനെ ആശങ്കയോടെയാണ് കാണുന്നത്. അശാസ്ത്രിയമായ നിർമ്മിതി മൂലം ചെറിയ മഴ പെയ്താൽ പോലും മുങ്ങി പോകുന്ന മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളാരംകുത്ത് ഉറിയംപെട്ടി നിവാസികൾക്ക് പേടിസ്വപ്നമായി തുടരുന്നു. കല്ലേലി മേട്, തലവച്ചപാറ, കുഞ്ചിപാറ, തേര, വാരിയം, മാപ്പിളപ്പാറ, തുടങ്ങിയ വനവാസി കുടികളിലെത്തുന്നത് സാഹസികദൗത്യമാണ്. രണ്ട് വള്ളങ്ങൾ കൂട്ടിക്കെട്ടിയ ചങ്ങാടത്തിൽ ജീവൻ കൈയിൽ പിടിച്ചാണ് ആളുകൾ യാത്ര ചെയ്യുന്നത്. വാഹനങ്ങളും ചങ്ങാടത്തിൽ കുത്തിക്കയറ്റും.
ചികിൽസ, യാത്രാ സൗകര്യങ്ങളുടെ കുറവുമൂലം ഈ പ്രദേശത്ത് നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത മൂലം സോമൻ എന്ന ആദിവാസി യുവാവിന്റെ മൃതദേഹം ചുമന്ന് കിലോമീറ്ററുകളോളം നടക്കേണ്ടിവന്നത് കേരള മനസാക്ഷിയെ നടുക്കിയ സംഭവമാണ്. ഗർഭിണികളായ വനവാസി സ്ത്രീകൾ കുടിലുകളിലും മരച്ചുവട്ടിലും പ്രസവിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.
മഴക്കാലമായാൽ മലവെള്ളത്തിന്റെ വരവോടെ എക ആശ്രയമായ ബ്ലാവന കടത്തും ഇല്ലാതെയാകും. ഇതോടെ പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നു. ബ്ലാവന പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ല. ലക്ഷദ്വീപിന് വേണ്ടി വാദിക്കുന്ന കപട വികസനവാദികൾ കുട്ടമ്പുഴ നിവാസികളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബ്ളാവന പാലം നിർമ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ്.ജയകൃഷ്ണൻ ആവശ്യപ്പെട്ടു.