ഏപ്രിലിൽ നേടിയത് റെക്കാഡ് 1.41 ലക്ഷം കോടി രൂപ
ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മികച്ച ആശ്വാസം പകർന്നും സമ്പദ്‌പ്രവർത്തനങ്ങൾ കൊവിഡ് പശ്ചാത്തലത്തിലും തളർന്നിട്ടില്ലെന്ന് ശക്തമായി സൂചിപ്പിച്ചും നടപ്പുവർഷത്തെ (2021-22) ആദ്യമാസമായ ഏപ്രിലിൽ ജി.എസ്.ടി സമാഹരണം എക്കാലത്തെയും ഉയരത്തിലെത്തി. മാർച്ചിലെ 1.23 ലക്ഷം കോടി രൂപയേക്കാൾ 14 ശതമാനം വർദ്ധിച്ച് 1.41 ലക്ഷം കോടി രൂപയാണ് കഴിഞ്ഞമാസം നേടിയത്. സമാഹരണം ഒരുലക്ഷം കോടി രൂപ കടക്കുന്നത് തുടർച്ചയായ ഏഴാംമാസമാണ്.
ആഭ്യന്തര സാമ്പത്തിക ഇടപാടുകളിൽ നിന്നുള്ള വരുമാനം മാർച്ചിനേക്കാൾ 21 ശതമാനം ഉയർന്നതും കേന്ദ്രത്തിന് നൽകുന്നത് വലിയ ആശ്വാസമാണ്. കഴിഞ്ഞമാസത്തെ വരുമാനത്തിൽ 27,837 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 35,621 കോടി രൂപ സംസ്ഥാന ജി.എസ്.ടിയുമാണ്. സംയോജിത ജി.എസ്.ടിയായി (ഐ.ജി.എസ്.ടി) 68,481 കോടി രൂപ ലഭിച്ചു. സെസ് ഇനത്തിൽ ലഭിച്ചത് 9,445 കോടി രൂപ.
കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങൾ കാഴ്‌ചവച്ച ധൈര്യത്തിന്റെയും കൃത്യമായി റിട്ടേണുകൾ ഫയൽ ചെയ്‌തതിന്റെയും മികവാണ് ഏപ്രിലിലെ നേട്ടമെന്ന് ധനമന്ത്രാലയം പ്രതികരിച്ചു.
ആദായ നികുതി റിട്ടേൺ
മേയ് 31 വരെ നൽകാം
കൊവിഡ് പശ്ചാത്തലത്തിൽ നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച്, ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ സെൻട്രൽ ബോർഡ് ഒഫ് ഡയറക്‌ട് ടാക്‌സസ് (സി.ബി.ഡി.ടി) മേയ് 31 വരെ സമയം അനുവദിച്ചു. സെക്‌ഷൻ 148 പ്രകാരമുള്ള റിട്ടേൺ സമർപ്പിക്കാനുള്ള അന്തിമതീയതി ഏപ്രിൽ ഒന്നായിരുന്നതാണ് നീട്ടിയത്. സെക്‌ഷൻ 139ലെ സബ്-സെക്‌ഷൻ 4, 5 പ്രകാരമുള്ള റിട്ടേൺ നൽകേണ്ട തീയതിയും മേയ് 31ലേക്ക് നീട്ടി.