കേരള നിയമസഭയിലേക്ക് സിനിമാ രംഗത്തുനിന്നുളള പ്രാതിനിധ്യത്തിൽ കുറവുണ്ടായില്ല. സിറ്റിംഗ് എം.എൽ.എ മാരും നടൻമാരുമായ മുകേഷും കെ.ബി.ഗണേഷ് കുമാറും തങ്ങളുടെ മണ്ഡലങ്ങളിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.സംസ്ഥാനത്തുടനീളം ആഞ്ഞടിച്ച പിണറായി തരംഗത്തിൽ എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ ഇരുവർക്കും കഴിഞ്ഞു. തൃശൂരിൽ ഉജ്ജ്വലമായ പോരാട്ടത്തിനൊടുവിലാണ് എൻ.ഡി.എയുടെ രാജ്യസഭാംഗമായ സ്ഥാനാർത്ഥി സുരേഷ് ഗോപി പരാജയപ്പെട്ടത്. ഇവിടെ സി.പി.െഎ യിലെ പി. ബാലചന്ദ്രനാണ് വിജയിച്ചത്. അതേസമയം കോൺഗ്രസ് ടിക്കറ്റിൽ ബാലുശേരിയിൽ മത്സരിച്ച ധർമ്മജൻ ബോൾഗാട്ടി ദയനീയമായി പരാജയപ്പെട്ടു. ബി.ജെ.പി സ്ഥാനാർത്ഥികളായി മത്സരിച്ച കൃഷ്ണകുമാർ തിരുവനന്തപുരം സെൻട്രലിലും , വിവേക് ഗോപൻ ചവറയിലും പരാജയപ്പെട്ടു.
കൊല്ലത്ത് സി.പി.എം സ്ഥാനാർത്ഥിയായി വീണ്ടും മത്സരിച്ച മുകേഷ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ കടുത്ത വെല്ലുവിളി നേരിടേണ്ടിവന്നുവെങ്കിലും അവസാനം നല്ല മാർജിനിൽ വിജയിക്കുകയായിരുന്നു. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയെയാണ് മുകേഷ് തോൽപ്പിച്ചത്. കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാർ ചാമക്കാലയെയാണ് കേരളകോൺഗ്രസ് നേതാവ് കെ.ബി.ഗണേഷ് കുമാർ മികച്ച ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. കൊവിഡ് ബാധിതനായതിനാൽ പ്രചാരണത്തിൽ അത്ര സജീവമാകാൻ കഴിഞ്ഞിരുന്നില്ലെങ്കിലും പത്തനാപുരത്ത് എം.എൽ.എ എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളാണ് ഗണേഷിന് തുണയായത്.ചലച്ചിത്ര നിർമ്മാതാവായ മഞ്ഞളാംകുഴി അലി മങ്കടയിൽ ലീഗ് സ്ഥാനാർത്ഥിയായി വിജയിച്ചു.മാക് പ്രൊഡക്ഷൻസ് ഉടമയാണ്.
മുകേഷും ഗണേഷ്കുമാറും പിണറായി മന്ത്രിസഭയിൽ ഇടംനേടുമോയെന്നാണ് ചലച്ചിത്രലോകം ഉറ്റുനോക്കുന്നത്. ഘടകകക്ഷി നേതാവെന്ന നിലയിൽ കെ.ബി.ഗണേഷ്കുമാറിന് സാധ്യത കൂടുതലാണ്. എന്നാൽ കൊല്ലത്തു നിന്ന് സി.പി.എമ്മിന് മന്ത്രിമാരുണ്ടാവുമ്പോൾ മുകേഷിന്റെ പേരും ചർച്ചചെയ്യപ്പെടുമെന്നതിൽ സംശയമില്ല.