തിരുവനന്തപുരം: വേളിയിൽ ടൂറിസം പദ്ധതിക്കായി 25.70 ഏക്കറോളം ഭൂമിയുടെ ഉടമസ്ഥാവകാശം ടൂറിസം വകുപ്പിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 1997 മുതലാണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായെങ്കിലും തുടർനടപടികൾ വിവിധ കാരണങ്ങളാൽ വൈകുകയായിരുന്നു. മന്ത്രി ഇടപെട്ടതോടെയാണ് ഭൂമിയുടെ ഉടമസ്ഥാവകാശം വകുപ്പിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ഇന്നലെ പൂർത്തിയായത്.
ഒരുവർഷം മുമ്പാണ് ഇതിന്റെ നടപടികൾ ആരംഭിച്ചത്. 1997 മുതൽ 2022 വരെയുള്ള ഭൂനികുതി അടയ്‌ക്കുകയും തണ്ടപ്പേർ നമ്പർ അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ ഭൂമി പ്രയോജനപ്പെടുത്തി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചത്. ടൂറിസ്റ്റ് ഫെസിലിറ്റി സെന്റർ, കൺവെൻഷൻ സെന്റർ, ആർട്ട് കഫേ പദ്ധതി എന്നിവയും അർബൻ വെറ്റ്ലാന്റ് നേച്ചർ പാർക്ക് പദ്ധതിയും ഇവയിൽ ഉൾപ്പെടുമെന്ന് കടകംപള്ളി പറഞ്ഞു.