assam

ഗുവാഹത്തി: അസാം മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ഹിമന്ത ബിശ്വ ശർമ്മ, കഴിഞ്ഞ സോനോവാൾ മന്ത്രിസഭയിൽ ആരോഗ്യം, ധനകാര്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ അമരക്കാരനായിരുന്നു. 2016 ൽ, അന്ന് കേന്ദ്ര കായിക മന്ത്രിയായിരുന്ന സോനോവാളിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയം നേടിയത്. ഇക്കുറി അദ്ദേഹത്തെ മുന്നിൽ നിർത്താൻ ബി.ജെ.പി തയ്യാറായിരുന്നില്ല. മുഖ്യമന്ത്രിയാകാൻ ഹിമന്ത സർവ നീക്കങ്ങളും നടത്തുന്നുമുണ്ടായിരുന്നു.

സോനോവാളും ഹിമന്തയും ശനിയാഴ്ച ഡൽഹിയിൽ ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരെ കണ്ടിരുന്നു. മണിക്കൂറുകൾ നീണ്ട ചർച്ചയിലാണ് സമവായമുണ്ടായത്. അമിത് ഷായുടെ വിശ്വസ്തനായ ഹിമന്തയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ പിന്തുണയും ലഭിച്ചു.


ഹിമന്തയുടെ രാഷ്‌ട്രീയ വഴികൾ


 1980കളിൽ വിദ്യാർത്ഥി രാഷ്‌ട്രീയത്തിലൂടെ വരവ്

 1990കളിൽ കോൺഗ്രസിൽ സജീവം

 2001ൽ ജലുക്ബാരി സീറ്റിൽ നിന്ന് ആദ്യജയം

 അവിടെ 2016 വരെ നാലു തവണ കോൺ. എം.എൽ.എ

 കോൺഗ്രസ് സർക്കാരുകളിൽ മന്ത്രിയായിരുന്നു

 2015ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ

 2016ൽ ജലുക്‌ബാരിയിൽ ബി.ജെ.പി ടിക്കറ്റിൽ ജയം

 വടക്കുകിഴക്കൻ ജനാധിപത്യ സഖ്യത്തിന്റെ ചെയർമാൻ

 പി. എച്ച്ഡി ബിരുദധാരി, ഭാര്യയും രണ്ട് മക്കളുമുണ്ട്