സഖാവ് ഗൗരിഅമ്മ വിടപറയുമ്പോൾ സംഭവിക്കുന്നത് ഒരു യുഗാന്ത്യമാണ്. അടങ്ങാത്ത ആവേശത്തോടെ മാത്രം ഓർക്കാൻ കഴിയുന്നതാണ് അലയൊടുങ്ങാത്ത ആ ഓർമ്മകൾ. ആലപ്പുഴയിലെ ഐതിഹാസികമായ തൊഴിലാളിവർഗ മുന്നേറ്റത്തിനും, പുന്നപ്ര വയലാർ സമരങ്ങൾക്കും പിന്നാലെ കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലത്താണ് സഖാവ് ഗൗരിയമ്മ അഭിഭാഷക, ജഡ്ജി തുടങ്ങിയവയ്ക്കുള്ള അവസരങ്ങൾ ഉപേക്ഷിച്ച് പാർട്ടിയുടെ പ്രവർത്തകയായിത്തീരുന്നത്.
കേരള രാഷ്ട്രീയത്തിലെയോ തൊഴിലാളി പ്രസ്ഥാനത്തിലെയോ ആദ്യ വനിതാനേതാവല്ല ഗൗരിഅമ്മയെങ്കിലും, രാഷ്ട്രീയ നേതാവായ സ്ത്രീ എന്ന സ്ഥാനം ആധുനിക കേരളത്തിൽ സ്ഥാപിച്ചെടുത്തത് ഗൗരിഅമ്മയാണ്. ആനി മസ്ക്രീൻ, അക്കാമ്മ ചെറിയാൻ തുടങ്ങിയ സ്വാതന്ത്ര്യസമര നേതാക്കളും സഖാക്കൾ ദേവയാനി, കാളിക്കുട്ടി ആശാട്ടി തുടങ്ങിയ തൊഴിലാളി നേതാക്കളും പുരുഷാധിപത്യ രാഷ്ട്രീയ നേതൃത്വങ്ങളോട് പടവെട്ടി പിൻവാങ്ങിയപ്പോൾ ഗൗരിഅമ്മ നൂറ്റിരണ്ടാം വയസ്സിലും കേരള രാഷ്ട്രീയത്തിൽ തന്റെ സ്ഥാനം ഉയർത്തിപ്പിടിച്ച ധീരവനിതയായി.
പില്ക്കാലത്തുണ്ടായ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെയെല്ലാം ആദ്യപഥിക എന്നതാണ് സഖാവ് ഗൗരിഅമ്മയുടെ ഒരു സുപ്രധാന സംഭാവന. കുടിയൊഴിപ്പിക്കൽ നിരോധനനിയമം, ഭൂപരിഷ്കരണ നിയമം എന്നിവയുടെ പേരിലാണ് സഖാവ് എന്നും ഓർമ്മിക്കപ്പെടുക. 1987ലെ ഇ.കെ. നായനാർ സർക്കാരിലെ വ്യവസായ മന്ത്രിയെന്നനിലയിൽ തിരുവനന്തപുരത്ത് ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിക്കുന്നതിൽ കാണിച്ച ദീർഘവീക്ഷണവും അനുസ്മരണീയമാണ്. ഇതിനെല്ലാം അപ്പുറമാണ് രാഷ്ട്രീയ നേതാവെന്ന നിലയിൽ സഖാവ് കേരള സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. ഒരു 'കീഴ്ജാതിസ്ത്രീ' കേരളസമൂഹത്തിൽ ബഹുമാന്യമായ ഒരു ഇരിപ്പിടം വലിച്ചിട്ട് ഇരുന്നത് ഒരു വിപ്ലവമായിരുന്നു. അതുണ്ടാക്കിയ മാറ്റം ചരിത്രപരമായിരുന്നു. സഖാവിന്റെ ഓർമ്മയ്ക്കു മുന്നിൽ കണ്ണീർപ്പൂക്കൾ അർപ്പിക്കുന്നു.