കൊച്ചി: പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട ഇത്തവണത്തെ ഷാങ്ഹായ് ഓട്ടോ ഷോയിൽ പരിചയപ്പെടുത്തിയ കോൺസെപ്‌റ്റ് ഇലക്‌ട്രിക് എസ്.യു.വിയാണ് ബി.ഇസഡ് 4എക്‌സ്. ടൊയോട്ടയുടെ ബാറ്ററി ഇലക്‌ട്രിക് വാഹന (ബി.ഇ.വി) വിഭാഗമായ ബി.ഇസഡ് ശ്രേണിയിൽ അവതരിപ്പിക്കുന്ന ആദ്യ മോഡലാണിത്. 2025 ഓടെ ബി.ഇ.വി വിഭാഗത്തിൽ 15 മോഡലുകൾ പുറത്തിറക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. ഇതിൽ ഏഴെണ്ണം ബി.ഇസഡ് ശ്രേണിയിൽ ആയിരിക്കും.
'ബിയോണ്ട് സീറോ" എന്നതിന്റെ ചുരുക്കെഴുത്താണ് ബി.ഇസഡ്. അന്തരീക്ഷ മലിനീകരണം ഒട്ടുമില്ലാത്തതും വിലയോട് 100 ശതമാനം കൂറുള്ളതുമായ വാഹനങ്ങൾ ഉപഭോക്താക്കൾക്ക് സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടൊയോട്ട ബി.ഇസഡ് ശ്രേണി ആവിഷ്‌കരിച്ചത്. വർത്തമാന കാലത്തിന് ഇണങ്ങിയതും ഫ്രീസ്‌റ്റൈൽ ഇന്റീരിയറോട് കൂടിയതും തനത് വ്യക്തിത്വവുമുള്ള ഡിസൈനുകളോടെയാകും ബി.ഇസഡ് മോഡലുകൾ എത്തുകയെന്ന് ടൊയോട്ട വ്യക്തമാക്കുന്നു.
സോളാർ റീചാർജിംഗ് സിസ്‌റ്റം ഉപയോഗിച്ചുള്ള ബാറ്ററി ചാർജിംഗ് വിദ്യയാണ് ബി.ഇസഡ് 4എക്‌സിന്റെ മറ്റൊരു ആകർഷണം. വാഹനം നിശ്ചലാവസ്ഥയിലുള്ളപ്പോഴും ഇതുവഴി ബാറ്ററി ചാർജ് ചെയ്യാം. സാധാരണ സോളാർ ചാർജിംഗ് സാദ്ധ്യമല്ലാത്ത ശീതകാലത്തും ബി.ഇസഡ് 4എക്‌സിൽ ചാർജിംഗ് നടക്കുമെന്നും ടൊയോട്ട ഉറപ്പുനൽകുന്നു. ഉയർന്ന വീൽബെയ്‌സുള്ള വാഹനമായിരിക്കും ബി.ഇസഡ് 4എക്‌സ്. അകത്തളത്തിലെ സ്‌പേസ് ഡി-സെഗ്‌മെന്റ് (മിഡ്-സൈസ് ഫാമിലി കാർ) സെഡാനുകൾക്ക് സമാനമാണ്.
വ്യത്യസ്‌തവും പുതുമനിറഞ്ഞതുമായ സ്‌റ്റിയറിംഗ് വീൽ ഡിസൈനാണ് മറ്റൊരു സവിശേഷത. റേസിംഗ് കാറുകളെ അനുസ്‌മരിപ്പിക്കുന്നതാണിത്. ജപ്പാനിലും ചൈനയിലുമായി നിർമ്മിക്കുന്ന ബി.ഇസഡ് 4എക്‌സ് 2022 ഓടെ ആഗോള വിപണിയിൽ എത്തിയേക്കും.