isuzu

കൊച്ചി: ജാപ്പനീസ് വാഹന നിർമ്മാണ ബ്രാൻഡായ ഇസുസു, ഇന്ത്യയിൽ ബി.എസ്-6 മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കുന്ന പുതിയ മോ‌ഡലുകൾ വിപണിയിലിറക്കി. വി-ക്രോസ്, എം.യു-എക്‌സ് എന്നിവയുടെ പുത്തൻ പതിപ്പുകളാണ് ഇസുസു മോട്ടോഴ്‌സ് ഇന്ത്യ അവതരിപ്പിച്ചത്. വി-ക്രോസിന്റെ ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ, 2-വീൽ ഡ്രൈവ് എന്നിവയോട് കൂടിയ പതിപ്പിന് 20.06 ലക്ഷം രൂപയും (എക്‌സ്‌ഷോറൂം - ഡൽഹി) 4-വീൽ ഡ്രൈവോടുകൂടിയ മാനുവൽ ട്രാൻസ്‌മിഷൻ വേരിയന്റിന് 21.07 ലക്ഷം രൂപയുമാണ് വില.

4-വീൽ ഡ്രൈവ്, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനോട് കൂടിയ പതിപ്പിന്റെ വില 24.59 ലക്ഷം രൂപ. ബി.എസ്-6 ചട്ടം പാലിക്കുന്ന 7-സീറ്റർ എസ്.യു.വിയായ എം.യു-എക്‌സിന്റെ ടൂ-വീൽ ഡ്രൈവ്, ഓട്ടോമാറ്റിക് പതിപ്പിന് വില 33.37 ലക്ഷം രൂപയാണ്. 4-വീൽ ഡ്രൈവ്, ഓട്ടോമാറ്റിക് പതിപ്പിന് 35.34 ലക്ഷം രൂപ. പേഴ്‌സണൽ പിക്കപ്പ് ശ്രേണിയിൽ ഇവയെക്കൂടാതെ, പുതിയ മോഡലായ ഹൈ-ലാൻ‌ഡറും ഇസുസു വിപണിയിലെത്തിച്ചു. 17.04 ലക്ഷം രൂപയാണ് വില.

എയറോഡൈനാമിക് സ്‌റ്റൈൽ, ഉയർന്ന ഗ്രൗണ്ട് ക്ളിയറൻസും വീൽബെയ്‌സും, ആകർഷകമായ ഡാർക്ക് മെറ്റാലിക് ഗ്രേ ഗ്രിൽ, കോക്പിറ്റ് ശൈലിയിലുള്ള കാബിൻ ഡിസൈൻ, മൾട്ടിപ്പിൾ സ്‌റ്റോറേജ് സ്‌പേസുകൾ, 163 പി.എസ് കരുത്തുള്ള 1.9 ലിറ്റർ ഡീസൽ എൻജിൻ, എ.ബി.എസ്., എയർബാഗുകൾ എന്നിങ്ങനെ ധാരാളം മികവുകൾ ഹൈ-ലാൻഡറിനുണ്ട്. ആകർഷകമായ ഏഴ് നിറഭേദങ്ങളിൽ ഹൈ-ലാൻഡർ ലഭിക്കും.