benz

കൊച്ചി: ചെറു വാൻ ശ്രേണിയിൽ മെഴ്‌സിഡെസ്-ബെൻസിന്റെ പ്രീമിയം ക്വാളിറ്റി കോൺസെപ്‌റ്റ് ഇലക്‌ട്രിക് വാഹനമായ 'ഇ.ക്യു.ടി" ഉത്‌പാദനത്തിന് സജ്ജമായി. ഏഴ് പേർക്ക് യാത്ര ചെയ്യാവുന്നതും വിശാലമായ ലഗേജ് സ്‌പേസുമുള്ള ഇ.ക്യു.ടി, വി-ക്ളാസ് ശ്രേണിയിലാകും വിപണിയിലെത്തുക. വാഹനത്തിന്റെ പെട്രോൾ, ഡീസൽ വേരിയന്റുകൾ ടി-ക്ളാസ് ശ്രേണിയിലും ലഭിക്കും. 5-സീറ്ററിന്റെ ചെറിയ വീൽബെയ്‌സ് മോഡലും ഇ.ക്യു.ടിയ്ക്കുണ്ടാകും.

2022ൽ ഇ.ക്യു.ടി വിപണിയിലെത്തുമാണ് പ്രതീക്ഷ. റെനോയുമായി ചേർന്നാണ് മെഴ്‌സിഡെസ് ടി-ക്ലാസിനെ ഒരുക്കുന്നത്. നേരത്തെ എക്‌സ്-ക്ളാസ് പിക്കപ്പും സമാനരീതിയിൽ നിർമ്മിച്ചിരുന്നു. റെനോയുടെ പുതിയ കാംഗൂ മോഡലിന്റെ പ്ളാറ്റ്‌ഫോമിലാണ് ടി-ക്ളാസും നിർമ്മിക്കുന്നത്. കാംഗൂ ഇ-ടെക് ഇലക്‌ട്രിക്കിന്റെ ജർമ്മൻ പതിപ്പാണ് ഇ.ക്യു.ടി. ഗ്രിൽ പാനലിലേക്ക് തെന്നിവീഴുന്ന ഒതുക്കമുള്ള എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, 21-ഇഞ്ച് ലൈറ്റ് അലോയ് വീലുകൾ, പനോരമിക് റൂഫ്, പിന്നിലെ തിളങ്ങുന്ന ഇലക്‌ട്രിക് ലോംഗ്ബോർഡ് എന്നിവ പുറംമോടിയിലെ ആകർഷണങ്ങളാണ്.

ആഡംബരത്തിന്റെ അതിർത്തികൾ ലംഘിക്കുന്നതാണ് അകത്തളം. ബ്ളാക്ക് ആൻഡ് വൈറ്റ് തീമാണ് നൽകിയിട്ടുള്ളത്. തൂവെള്ള നാപ്പാ ലെതർ സീറ്റും ഭംഗിയാണ്. എ.സി എയർവെന്റുകൾ കറുപ്പിലും വൃത്താകൃതിയിലുമാണ്. തിളങ്ങുന്ന സെന്റർ കൺസോൾ, മികച്ച ഇൻഫോടെയ്ൻമെന്റ് സംവിധാനം, മൾട്ടി-ഫംഗ്‌ഷൻ സ്‌റ്റിയറിംഗ് വീൽ, ട്രെഡിഷണൽ ഗിയർ സെലക്ഷൻ എന്നിവയും അകത്തളത്തിന്റെ മാറ്റ് കൂട്ടുന്നു. സ്ളൈഡിംഗ് ഡോറുകളാണുള്ളത്. മൂന്നാംനിരയിലേക്കും മുതിർന്നവർക്ക് അനായാസം കടക്കാൻ ഇതു സഹായിക്കും.