തിരുവനന്തപുരം: 2018ൽ നിപ വൈറസ് ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ സ്‌മരണ പുതുക്കി നഴ്സുമാർ ആശുപത്രികളിൽ അനുസ്‌മരണം സംഘടിപ്പിച്ചു. കേരള ഗവ. നഴ്സസ് അസോസിയേഷന്റെയും ലിനി പുതുശേരി ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു അനുസ്‌മരണം.
ലിനിയുടെ ഛായാചിത്രത്തിനു മുമ്പിൽ നഴ്സുമാർ ദീപം തെളിച്ചു. ഇന്നലെ ലിനിയുടെ ഫോട്ടോ പതിച്ച ബാഡ്‌ജ് ധരിച്ചാണ് നഴ്സുമാർ ജോലിക്കെത്തിയത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ജീവനക്കാരുടെ ഉപയോഗത്തിനായി കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനാവശ്യമായ സുരക്ഷാ ഉപകരണങ്ങളും കൈമാറി. വിവിധ ജില്ലകളിൽ നടന്ന ഓൺലൈൻ അനുസ്‌മരണ യോഗങ്ങളിൽ ജനപ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും ഉൾപ്പെടെ നിരവധിപ്പേർ പങ്കെടുത്തു. കൊവിഡ് കാലത്തെ അനുഭവങ്ങൾ ആസ്‌പദമാക്കി നഴ്സുമാർക്കായി ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.