തിരുവനന്തപുരം: നഗരസഭയുടെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകൾ പൂർണമായും പ്രവർത്തനക്ഷമമായി. നഗരസഭയുടെ പത്താമത്തെ കമ്മ്യൂണിറ്റി കിച്ചൺ ഇന്ന് വഴോട്ടുകോണത്ത് ആരംഭിക്കും. ഇതോടകൂടി നഗരസഭയിലെ 100 വാർഡുകളിലും കമ്മ്യൂണിറ്റി കിച്ചൺ മുഖാന്തരം സൗജന്യ ഭക്ഷണം എത്തിക്കാൻ കഴിയും. ജനകീയ ഹോട്ടലിൽ നിന്ന് 20 രൂപ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യുന്നത് തുടരുമെന്ന് മേയർ അറിയിച്ചു. പൂന്തുറ, കഴക്കൂട്ടം, കടകംപള്ളി, വിഴിഞ്ഞം, വലിയശാല, മുടവൻമുഗൾ, നന്തൻകോട്, മെഡിക്കൽ കോളേജ്, വഞ്ചിയൂർ എന്നിവിടങ്ങളിലാണ് കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നത്. ഹെൽത്ത് ഉദ്യോഗസ്ഥൻമാരും സ്ഥിരംസമിതി അദ്ധ്യക്ഷന്മാരും ഡെപ്യൂട്ടി മേയറുമാണ് കമ്മ്യൂണിറ്റി കിച്ചണുകൾക്ക് നേതൃത്വം നൽകുന്നത്.