കേരളത്തിലാദ്യമായി പ്രധാന വകുപ്പുകളായ വിദ്യാഭ്യാസവും തൊഴിലും ഒരു മന്ത്രിക്കു നൽകിയിരിക്കുന്നു. തൊഴിലാളിക്ഷേമ പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വി.ശിവൻകുട്ടിക്കു തന്നെ തൊഴിൽവകുപ്പു കൂടി നൽകിയിരിക്കുന്നത് പ്രതീക്ഷയുണർത്തുന്നതും അഭിനന്ദനാർഹവുമാണ്.
വി.ശിവൻകുട്ടി മുൻപ് തൊഴിലാളിക്ഷേമ പൊതുമേഖലാ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ & എംപ്ലോയ്മെന്റിന്റെ (കിലെ) ചെയർമാനായിരുന്നു. തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും സമഗ്ര മേഖലകളിലും അറിവു പകരുന്ന നിരവധി വിദ്യാഭ്യാസ-പരിശീലന പരിപാടികളാണ് അദ്ദേഹം കിലെയിൽ ആവിഷ്‌കരിച്ച് നടപ്പാക്കിയത്. ഒപ്പം കിലെയുടെ ഗവേഷണ വിഭാഗവും ശക്തിപ്പെടുത്തി. ഏറ്റവുമൊടുവിലായി തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും സിവിൽ സർവീസ് പരീക്ഷയ്ക്കു പരിശീലനം നൽകാൻ വേണ്ടി കിലെ സിവിൽ സർവീസ് അക്കാഡമിയും രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. ബ്യൂറോക്രസിയുടെ ഉന്നത ശ്രേണികളിൽ സംഘടിത അസംഘടിതമേഖലകളിലെ തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും പ്രതിനിധ്യം കിട്ടാത്തതു ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ തൊഴിലാളി സ്നേഹിയായ ശിവൻകുട്ടിയുടെ ദീർഘവീക്ഷണമായിരുന്നു അത്. അദ്ദേഹത്തിന് വിദ്യാഭ്യാസവും തൊഴിലും വിജയകരമായി ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുമെന്ന കാര്യം നിസ്‌തർക്കമാണ്
അഡ്വ: പി.കെ.ശങ്കരൻ കുട്ടി
കഴക്കൂട്ടം