i20

കൊച്ചി: ഒരുകാലത്ത് ആഡംബര വാഹനങ്ങൾക്ക് മാത്രം സ്വന്തമായിരുന്ന ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ സംവിധാനം ഇപ്പോൾ സാധാരണക്കാരുടെ ശ്രേണിയായ ബഡ്‌ജറ്റ് കാറുകളിലും സ്ഥിരം സാന്നിദ്ധ്യമാണ്. ഓട്ടോമാറ്റിക് ഗിയറുള്ള കാറിനായി ഇരുപത്തഞ്ചും മുപ്പതും ലക്ഷങ്ങളോ അതിലധികോ രൂപ മുടക്കേണ്ട കാലംകഴിഞ്ഞു. 10 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ളതും മികച്ചവയുമായ ഒട്ടേറെ മോഡലുകൾ ഇപ്പോൾ വിപണിയിലുണ്ട്.

റെനോയുടെ പുത്തൻ മോഡലായ കൈഗറിന് രണ്ട് എൻജിൻ ഓപ്‌ഷനുകളുണ്ട്. ഒരു ലിറ്റർ എനർജിയും ഒരു ലിറ്റർ ടർബോയും. ആർ.എക്‌സ്.ഇ., ആർ.എക്‌സ്.എൽ., ആർ.എക്‌സ്.ടി., ആർ.എക്‌സ്.ഇസഡ് പതിപ്പുകളിൽ ഇവ ലഭിക്കും. സി.വി.ടി., എ.എം.ടി ഗിയർബോക്‌സുകൾ നൽകിയിരിക്കുന്നു. പൗരുഷം നിറയുന്ന എസ്.യു.വി രൂപകല്‌പനയുള്ള കൈഗറിന് വില 5.45 ലക്ഷം രൂപ മുതലാണ്.

5.59 ലക്ഷം രൂപ മുതലാണ് നിസാൻ മാഗ്‌നൈറ്റിന്റെ വില. ശ്രേണിയിലെ ആദ്യ എൽ.ഇ.ഡിബൈ-പ്രൊജക്‌ടർ ഹെഡ്‌ലാമ്പാണ് പ്രധാന ആകർഷണം. എക്‌സ്‌-ട്രോണിക് സി.വി.ടി ട്രാൻസ്‌മിഷൻ കാണാം. കണ്ടിന്യുവസ്‌ലി വേരിയബിൾ ട്രാൻസ്‌മിഷൻ അഥവാ സി.വി.ടിയോട് കൂടിയ മാരുതിയുടെ താരമാണ് ബലേനോ. ഈ ജനപ്രിയ മോഡലിന്റെ വില തുടങ്ങുന്നത് 5.98 ലക്ഷം രൂപയിൽ. മികച്ച ഇൻഫോടെയ്മെന്റ് സംവിധാനവും ബലേനോയുടെ മികവാണ്.

ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഐ20യ്ക്ക് ഒപ്പമുള്ളത് ഡ്യുവൽ വി.ടി.വി.ടി, ഐ.വി.ടി എന്നിവയോട് കൂടിയ 1.2 കപ്പാ പെട്രോൾ എൻജിനാണ്. 8.75 ലക്ഷം രൂപയാണ് ഈ മോഡലിന് വില. 5.27 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസിന് വില. പെട്രോളിലും ഡീസലിലും എ.എം.ടി വേരിയന്റുകൾ ഇതോടൊപ്പം കാണാം.